പനാജി:പാൻക്രിയാറ്റിക് കാൻസർ ബാധിച്ച മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ ആരോഗ്യം മോശമായിരിക്കെ പുതിയ വിവാദവുമായി ഗോവയിലെ ബി.ജെ.പി മന്ത്രിസഭാ പ്രതിസന്ധി തുടരുന്നു.
സഖ്യകക്ഷിയായ മഹാരാഷ്ട്ര ഗോമന്തക് പാർട്ടി (എം.ജി.പി ) മുഖ്യമന്ത്രിപദം ആവശ്യപ്പെട്ടതും കോൺഗ്രസ് വിട്ട് എം.എൽ.എ സ്ഥാനം രാജിവച്ച് ബി.ജെ.പിയിലേക്ക് വന്ന സുഭാഷ് ശിരോദ്കർ, ദയാനന്ദ് സോപ്തെ എന്നിവർ തുടർന്ന് മത്സരിക്കുന്നത് തടയാൻ എം.ജി.പി മുംബയ് ഹൈക്കോടതിയിൽ ഹർജി നൽകിയതുമാണ് പുതിയ പ്രതിസന്ധിയായത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വിനയ് തെണ്ടുൽക്കറും പ്രധാന നേതാക്കളും എം.ജി.പിയുമായി അനുനയ ചർച്ച നടത്തി ആവശ്യങ്ങൾ 25 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ മാറ്റുന്നതിൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര നേതാക്കളുമായി ചർച്ച ചെയ്യാമെന്ന ഉറപ്പും നൽകിയത്രെ.
ഡൽഹി എയിംസിലെ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ പരീക്കർ ഡോണാപൗളയിലെ സ്വവസതിയിൽ ഇന്റൻസീവ് കെയർ സൗകര്യമുള്ള മുറിയിൽ ചികിത്സയിലാണ്. അണുബാധ ഭയന്ന് വിലക്കുള്ളതിനാൽ ചീഫ് സെക്രട്ടറിക്കും മറ്റും മുഖ്യമന്ത്രിയെ കാണാൻ തടസ്സങ്ങളുണ്ട്. ഭരണം ഏറെക്കുറെ നിശ്ചലമാണ്. പ്രിൻസിപ്പൽ സെക്രട്ടറി കൃഷ്ണമൂർത്തിയാണ് മുഖ്യമന്ത്രിക്കുവേണ്ടി പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ ചില നടപടികൾ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. എയിംസിൽ നിന്ന് വന്നയുടൻ പരീക്കർ സ്ഥാനമൊഴിയാൻ താത്പ്പര്യം പ്രകടിപ്പിച്ചെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വം അനുവദിച്ചില്ല. ഗോവയിൽ പാർട്ടിയുടെ ജനകീയ മുഖമായ പരീക്കർക്ക് പകരം ആര് എന്നതിൽ ബി.ജെ.പി ആശയക്കുഴപ്പത്തിലാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭയിലെ ഏറ്റവും സീനിയറായ തങ്ങളുടെ നേതാവ് സുധിൻ ധാവൽക്കറെ മുഖ്യമന്ത്രിയാക്കണമെന്ന് എം.ജി.പി. വാദിച്ചത്. മുഖ്യമന്ത്രി പദം നൽകിയാൽ എം.ജി.പിയെ ബി.ജെ.പിയിൽ ലയിപ്പിക്കാമെന്ന നിലപാട് ചില എം.ജി.പി നേതാക്കൾക്കുണ്ട്.
കാൻസർ ബാധിച്ച ഫ്രാൻസിസ് ഡിസൂസയേയും പക്ഷാഘാതം വന്ന പാണ്ഡുരംഗ് മധാൽക്കറേയും മന്ത്രിസഭയിൽ നിന്ന് പരീക്കർ ഒഴിവാക്കിയിരുന്നു. ആ മാനദണ്ഡം പരീക്കർക്കും ബാധകമാകില്ലേ എന്നാണ് എം.ജി.പി ചോദിക്കുന്നത്. ജോസ് ലൂയിസ് കാർലോസ് എന്ന മറ്റൊരു ബി.ജെ.പി എം.എൽ.എയും രോഗബാധിതനാണ്. ഇവരാരും നിയമസഭയിൽ വരാറേയില്ല.
മുഖ്യമന്ത്രി പദം എം.ജി.പിക്ക് നൽകുന്നതിനോട് യോജിപ്പില്ലെങ്കിലും പരീക്കർ സ്ഥാനം ഒഴിയണമെന്ന വാദം ബി.ജെ.പിയിലും ശക്തമാകുന്നുണ്ട്. രണ്ട് കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചതോടെ എം.ജി.പിയുടേയും ഗോവ ഫോർവേഡ് പാർട്ടിയുടേയും (ജി.എഫ്.പി ) മൂന്ന് സ്വതന്ത്രരുടെയും പിന്തുണയിൽ ബി.ജെ.പി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. എന്നാൽ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് അവസരം പാർത്തിരിക്കുകയാണ്.