pon-radhakrishnan

പമ്പ ശബരിമല ദർശനത്തിനെത്തി തിരികെ പോകവേ പമ്പയിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം പൊലീസ് തടഞ്ഞു.പമ്പ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് അടുത്ത് വച്ചാണ് പൊലീസ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാർ തടഞ്ഞ് നിർത്തി പരിശോധിച്ചത്.വ്യാഴാഴ്ച രാവിലെ 1.30ഓടെയാണ് സംഭവമുണ്ടായത്. സ്വകാര്യ വാഹനത്തിലാണ് കേന്ദ്രമന്ത്രി സഞ്ചരിച്ചിരുന്നത്. അകമ്പടിയായി മറ്റ് രണ്ട് വാഹനങ്ങളും ഉണ്ടായിരുന്നു. ഇതിലൊരു വാഹനമാണ് പൊലീസ് തടഞ്ഞത്. നാമജപ പ്രതിഷേധത്തിനെത്തിയവർ ഈ വാഹനത്തിലുണ്ടെന്ന സംശയത്താലാണ് പൊലീസ് പരിശോധന നടത്തിയത്. പൊലീസ് നടപടിയിൽ അരമണിക്കൂറോളം മന്ത്രി ഇവിടെ തങ്ങേണ്ടി വന്നു. തുടർന്ന് വിശദീകരണം മന്ത്രി ആവശ്യപ്പെട്ടതോടെ പൊലീസ് മാപ്പെഴുതി നൽകി. ഇതിനെ തുടർന്നാണ് മന്ത്രിയും സംഘവും യാത്രയായത്. എന്നാൽ മന്ത്രിക്ക് മാപ്പെഴുതി നൽകിയിട്ടില്ലെന്ന് പത്തനംതിട്ട എസ്.പി പ്രതികരിച്ചു.വാഹനം തടഞ്ഞതിന്റെ വിശദീകരണം മാത്രമാണ് എഴുതി നൽകിയതെന്നും, പൊലീസ് നടപടിയിൽ അസ്വഭാവികതയൊന്നും ഇല്ലെന്നാണ് പൊലീസിന്റെ ഭാഷ്യം.

കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമല ദർശനത്തിനായി ബി.ജെ.പി നേതാക്കൾക്കൊപ്പം എത്തിയത്. ശബരിമല ദർശനത്തിനൊപ്പം പൊലീസ് നടപടികൾ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ എന്നും അദ്ദേഹം പരിശോധിച്ചിരുന്നു. പമ്പയിലേക്ക് ഭക്തരെത്തുന്ന സ്വകാര്യ വാഹനങ്ങൾ തടയുന്നതിനെതിരെ പൊലീസിനോട് അദ്ദേഹം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലയ്ക്കലിൽ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയുടെ മറുപടി ധിക്കാരപൂർവ്വമാണെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു.