a-v-anoop

പനാജി: പ്രശസ്ത സംവിധായകനായ ഷാജി.എൻ.കരുണിന്റെ ഓള് എന്ന സിനിമയുടെ ഇന്ത്യൻ പനോരമയിലെ പ്രദർശനം ഗോവയിലെ ഐനോക്സ് തീയേറ്ററിൽ നടക്കുമ്പോൾ അവിടെയെത്തിയ നായിക എസ്തറിന്റെയടുത്ത് വന്ന് ഒരാൾ പരിചയപ്പെട്ടു.എന്റെ പേര് എ.വി.അനൂപ്. ഓളിന്റെ നിർമ്മാതാവാണ്.

ഷൂട്ടിംഗിനിടെ സജീവ ഇടപെടൽ നടത്തുന്ന നിർമ്മാതാക്കൾക്കിടയിൽ അനൂപ് വ്യത്യസ്തനാകുന്നു. നല്ല സിനിമയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല നിർമ്മാതാവാണ് അനൂപെന്ന് ഷാജി എൻ കരുൺ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്റ്റ്യൻ ബ്രദേഴ്സും ഗപ്പിയും ഗോദയുമടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ ഇതിനോടകം മലയാളത്തിന് നൽകിയ അനൂപിന് ചലച്ചിത്ര നിർമ്മാതാവ് എന്നതിലും വലിയ മേൽവിലാസം വേറെയുണ്ട്.ഇന്ത്യയിലെ തന്നെ പ്രമുഖ വ്യവസായിയാണ് അനൂപ് . മെഡിമിക്സ് സോപ്പടക്കം അനേകം ഉത്പ്പന്നങ്ങൾ , ആയുർവേദ ആശുപത്രികൾ, ആരോഗ്യദായകമായ ഭക്ഷണശാലകൾ എന്നിങ്ങനെ അനൂപിന്റെ വ്യവസായ ശ്രംഖല വ്യാപിച്ചു കിടക്കുന്നു. ലോകത്ത് ഏറ്റവും വിറ്റഴിക്കപ്പെടുന്ന ഹാൻഡ് മെയ്ഡ് സോപ്പാണ് മെഡിമിക്സ്.

iffi

നല്ല മനുഷ്യനാവുകയാണ് ഏറ്റവും പ്രധാനമെന്ന് വിശ്വസിക്കുന്ന അനൂപ് ഒരു കലാകാരനാണ്. ചെന്നൈയിൽ എല്ലാ വർഷവും അനൂപ് അഭിനയിക്കുന്ന നാടകങ്ങൾ അരങ്ങേറാറുണ്ട്.ഇടയ്ക്ക് അനൂപിന്റെ രണ്ട് പെൺമക്കളും നാടകങ്ങളിൽ അഭിനയിച്ചിരുന്നു.


സിനിമാഭിനയത്തിലേക്ക്

ബിസിനസ്സിന്റെ തിരക്കിനിടയിൽ നാടകം അഭിനയിക്കാൻ സമയം കണ്ടെത്തിയിരുന്ന അനൂപ് ഇപ്പോൾ സിനിമാഭിനയത്തിലും ഒരു കൈവച്ചിരിക്കുകയാണ്. അനൂപ് നിർമ്മിച്ച് സോഹൻലാൽ സംവിധാനം ചെയ്യുന്ന അപ്പുവിന്റെ സത്യാന്വേഷണങ്ങൾ എന്ന ചിത്രത്തിലാണ് കുട്ടികൾക്ക് സന്ദേശങ്ങൾ പകർന്നു നൽകുന്ന ഗാന്ധി ജ്യോത്സ്യനായി അനൂപ് വേഷമിടുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമേരിക്കൻ മലയാളിയായ ഋതു എന്ന ബാലനാണ്.താടിയൊക്കെ വച്ചുള്ള അനൂപിന്റെ വേഷം ഈ സിനിമയിലെ നിർണായകമായ ഒരു കഥാപാത്രമാണ്.എം.ജെ.രാധാകൃഷ്ണനാണ് ഛായാഗ്രഹണം.

ഗപ്പിയുടെ സംവിധായകൻ ജോൺപോൾ സംവിധാനം ചെയ്ത് സൗബിൻ നായകനാകുന്ന അമ്പിളി, തമിഴ് നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായി എത്തുന്ന വർമ്മ എന്നീ ചിത്രങ്ങളും അനൂപാണ് നിർമ്മിക്കുന്നത്. ഇതിനു പുറമേ ഒരു ഹോളിവുഡ് ചിത്രവും നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.ഓളിന്റെ പനോരമ പ്രദർശനത്തിന് ഭാര്യാ സമേതമാണ് അനൂപെത്തിയത്.