ജമ്മു കാശ്മീരിൽ കഴിഞ്ഞ ദിവസം ഗവർണർ നിയമസഭ പിരിച്ച് വിട്ട നടപടിയെ രാഷ്ട്രീയമായി വിലയിരുത്തുകയാണ് അഡ്വ. എ. ജയശങ്കർ. പി.ഡി.പിയും നാഷണൽ കോൺഫറൻസും കോൺഗ്രസും യോജിച്ചു മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് ഗവർണർ നിയമസഭ പിരിച്ച് വിട്ടത്. ഗവർണറുടെ ഈ നടപടിയിലൂടെ നരേന്ദ്രമോദി കളിക്കാനൊരുങ്ങുന്നത് ഇന്ദിരാഗാന്ധി കളിച്ച അതേ കളി തന്നെയാണെന്ന് ജയശങ്കർ വിലയിരുത്തുന്നു.
ഗവർണറുടെ ഈ നടപടി സുപ്രീംകോടതി വിധിക്ക് കടക വിരുദ്ധമാണെന്ന് എസ്.ആർ ബൊമ്മൈ കേസിലെ വിധി ചൂണ്ടിക്കാട്ടി അദ്ദേഹം സമർത്ഥിക്കുന്നു. 2005ൽ ബിഹാർ നിയമസഭ പിരിച്ചുവിട്ട രാഷ്ട്രപതിയുടെ വിളംബരം സുപ്രീംകോടതി റദ്ദാക്കിയതും കോടതിയുടെ രൂക്ഷ വിമർശനമേറ്റ ഗവർണർ ബൂട്ടാസിങ് രാജിവെച്ച സംഭവമാണ് ഇത്.
എന്നാൽ കാശ്മീരിനെ ബിഹാറോ ഝാർഖണ്ഡോ ആയി കാണാനാവില്ല. തീവ്രവാദ ഭീഷണിയും വിഘടനവാദവും രൂക്ഷമായ കാശ്മീരിൽ നിയമസഭ പിരിച്ചുവിട്ട നടപടിയെ ചിന്താ ശൂന്യമാണെന്നും ഈ നടപടിക്ക് രാജ്യം വലിയ വില കൊടുക്കേണ്ടി വരുമെന്നും അഡ്വ. എ. ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.