idaneram

നടന്ന് ക്ഷീണിച്ചോ? ഇനിയൊരു ചായ കുടിച്ചാലോ? ഒന്നും നോക്കണ്ട നേരെ കേറിക്കോ ഇടനേരം റസ്റ്റോറന്റിലേക്ക്. തെല്ലുനേരത്തെ ഇടവേളകളെ ഊഷ്മളമാക്കാൻ ക്ഷണിക്കുകയാണ് ഇടനേരം റസ്റ്റോറന്റ്. ചായ മാത്രമല്ല, ഇവിടെ കുറച്ച് വെറൈറ്റിസ് ഡിഷസും ഉണ്ട്. 'അച്ചായൻ സദ്യയും, കിഴി ബിരിയാണി'യും കേട്ടിട്ടുണ്ടോ? ഇടനേരത്തിലെ സ്‌പെഷ്യൽ ഡിഷസാണ് ഈ പറഞ്ഞവ.

ഇടനേരത്തിലെ മെനു കാർഡിലൂടെ ഒരല്പം നീളമുള്ള ഇംഗ്ലീഷ് വാചകങ്ങളാണ് ഇവിടെയെത്തുന്ന ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നത്. നാടൻ വിഭവമോ അതോ മോഡേണോ? എല്ലാം ഇവിടെ റെഡി. രുചി മേളങ്ങളുടെ ആസ്വാദന കൂട്ടാണ് ഇടനേരം വിളമ്പുന്നത്. ചേന,ചേമ്പ്,കപ്പ പുഴുക്ക്, പഴങ്കഞ്ഞി മുതൽ ചെമ്മീൻ റോസ്റ്റും, കോഴിപ്പിടിയും ,കിഴി ബിരിയാണിയും വരെ ഇവിടെ ലഭ്യം. പരമ്പരാഗത വിഭവങ്ങൾ തിരിച്ചുകൊണ്ടു വരാനുള്ള ശ്രമം കൂടിയുണ്ട് ഇടനേരത്തിന്റെ മെനുവിൽ. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലാണ് ഈ റസ്‌റ്റോറന്റ്.

ഇടനേരത്തെ ഞായറാഴ്ച സ്‌പെഷ്യൽ ആണ് അച്ചായൻ സദ്യ. ക്രിസ്ത്യൻ കല്യാണത്തിലെ സദ്യയാണ് അച്ചായൻ സദ്യ. മൂന്ന് നോൺ വെജ് ഐറ്റംസ് ഉൾക്കൊണ്ടുള്ള ഒരു കിടിലൻ സദ്യ. അച്ചായൻ സദ്യയിലെ പഴവും പാനിയും ഒന്ന് കഴിക്കേണ്ടതുതന്നെയാണ്. പനങ്കള്ളിൽ നിന്നും എടുക്കുന്ന ഒരു മധുര പാനീയമാണ് പാനി. തേൻ പോലെയാണിത്. പണ്ടത്തെ കാലത്ത് ക്രിസ്ത്യൻ കല്യാണത്തിന് പാനി കൊടുക്കാറുണ്ട്. ഇന്നത്തെ ഐസ്‌ക്രീമിന് പകരം അന്ന് പഴവും പാനിയുമാണ് കൊടുത്തിരുന്നത്.

edaneram

കിഴിബിരിയാണ് ഇവിടുത്തെ മറ്റൊരു ഹൈലൈറ്റ് ഡിഷ്. വാഴയിലയിൽ പൊതിഞ്ഞാണ് കിഴിബിരിയാണി തീൻ മേശയിലെത്തുന്നത്. തിരുവനന്തപുരത്ത് ആദ്യമായി കിഴിബിരിയാണി അവതരിപ്പിച്ചത് ഇടനേരമാണ്. പിന്നീട് മറ്റുള്ളവരും ഇതേറ്റെടുക്കുകയായിരുന്നു. കാന്താരി മുളക് ചേർത്താണ് കിഴി ബിരിയാണിയുടെ മസാല തയ്യാറാക്കുന്നത്.

edaneram

ലോലി മാൽവിൻ അലക്സ് എന്ന മിടുക്കിയാണ് ഈ റസ്റ്റോറന്റിനു പിന്നിൽ. പാചകത്തോടുള്ള പാഷൻ കൊണ്ടാണ് 'ഇടനേരം' വരെ എത്തിയതെന്ന് ലോലി പറഞ്ഞു. പുതിയ പരീക്ഷണങ്ങളും ചേർത്ത് വിഭവങ്ങൾക്ക് രുചികൂട്ടുന്നു. ലോലിയുട കൈപ്പടയിൽ തീർത്തതാണ് ഇടനേരത്തിന്റെ മെനുകൾ. തിരുവനന്തപുരത്തുകാരുടെ വിഭവങ്ങൾ മാത്രമല്ല ഇവിടെയുള്ളത്. എല്ലാ ജില്ലയിലെയും പ്രത്യേക വിഭവങ്ങൾ ഇടനേരത്ത് അവതരിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ദോശ,പുട്ട്, തുടങ്ങിയവയുടെ പല വകഭേദങ്ങളും ഇവിടുണ്ട്. കപ്പപ്പുഴുക്ക്,ചേന, ചേമ്പ് ,കാച്ചിൽ എന്നിവയാണ് ആദ്യം ഇവിടെ ഉണ്ടാക്കിയിരുന്നത്. പിന്നീട് സുഹൃത്തുക്കളുടെ നിർദ്ദേശത്തോടെ ഫുൾ ടൈം ആയി പുതിയ വിഭവങ്ങൾ പരീക്ഷിച്ച് തുടങ്ങുകയായിരുന്നു. തുടക്കത്തിൽ സ്‌നാക്‌സ് മാത്രമായിരുന്നു. അതുകൊണ്ടാണ് 'ഇടനേരം' എന്ന പേര് നൽകിയതെന്നും ലോലി പറഞ്ഞു.