thomas-isaac

ശബരിമലയിൽ കേന്ദ്രമന്ത്രിമാരെ കൊണ്ട് വന്നുള്ള ബി.ജെ.പിയുടെ പ്രതിഷേധം പൊളിഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയെക്കുറിച്ച് ഇവിടെ എത്തിയ രണ്ട് മന്ത്രിമാരും ഒരക്ഷരം മിണ്ടിയില്ല. സുപ്രിംകോടതിവിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് അവിടെ സമരം നടത്തുന്നതെന്നും എന്നാൽ മർമ്മപ്രധാനമായ ആ ചോദ്യത്തെ അവഗണിക്കുകയാണ് കേന്ദ്രമന്ത്രിമാരെന്നും തോമസ് ഐസക് ആരോപിക്കുന്നു.

ശബരിമലയിലുള്ള പ്രതിഷേധക്കാരോട് സുപ്രിംകോടതി വിധിയെ തള്ളണോ കൊള്ളണോ എന്ന അഭിപ്രായം ഇനി വരുന്ന കേന്ദ്ര മന്ത്രിമാരെങ്കിലും തന്റേടത്തോടെ തുറന്ന് പറയാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെടണം. ശബരിമലയിൽ സ്ത്രീപ്രവേശനത്തിനെതിരെ നടത്തുന്ന സമരം ബാധ്യതയാകുമെന്ന തിരിച്ചറിവിലേയ്ക്ക് സംഘപരിവാർ എത്തിയിരിക്കുകയാണെന്നും, ഈ സമരം എങ്ങനെ അവസാനിപ്പിക്കണമെന്നറിയാത്ത പുലിവാലു പിടിച്ചിരിക്കുകയാണ് സംഘനേതൃത്വമെന്നും അദ്ദേഹം ആരോപിക്കുന്നു. എത്രയും വേഗം സമരം മതിയാക്കി കേരളത്തോടും സ്ത്രീസമൂഹത്തോടും സംഘപരിവാർ നേതാക്കൾ മാപ്പു പറയണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.