വാഷിംഗ്ടൺ: സൗദി മാദ്ധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന്റെ പേരിൽ സൗദി ഭരണകൂടത്തെ കൈവിടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദിയുമായി സൗഹൃദത്തിലായിരിക്കുമെന്നും, തന്ത്രപരമായ സഖ്യം നിലനിർത്തുകതന്നെ ചെയ്യുമെന്നും ട്രംപ് വ്യക്‌തമാക്കി. ആഗോള എണ്ണവില പിടിച്ചുനിർത്തേണ്ടത് അമേരിക്കയുടെ പ്രഥമ താൽപര്യമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അറിവോടെയാകാം ഖഷോഗി വധിക്കപ്പെട്ടതെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതിൽ കടുത്ത നടപടി വേണമെന്ന് ഭരണ-പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഈ ആവശ്യങ്ങളെ തള്ളിയാണ് ട്രംപ് സൗദി അനുകൂല നിലപാട് പരസ്യമാക്കിയത്. സൗദിയുമായുള്ള സൈനിക കരാർ റദ്ദാക്കില്ലെന്നും യു.എസ് പിൻമാറിയാൽ റഷ്യയും, ചൈനയും മുതലാക്കുമെന്നും ട്രംപ് പറഞ്ഞു. സൗദി കോൺസുലേറ്റിൽ ഖഷോഗി വധിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് 17 സൗദി പൗരൻമാർക്ക് യു.എസ് കഴിഞ്ഞയാഴ്‌ച വിലക്ക് ഏർപ്പെടുത്തിയിരുന്നു.