ശബരിമല: ശബരിമലയിലും പരിസരങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഭക്തൻമാർക്ക് ശബരിമലയിൽ ഒരു നിരോധനവുമില്ല. സമൂഹ്യവിരുദ്ധരെ ചെറുക്കുന്നതിന് വേണ്ടിയാണ് സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, നിലവിൽ സംഘർഷാവസ്ഥയില്ലാത്ത സാഹചര്യത്തിൽ ശബരിമലയിൽ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് റിപ്പോർട്ട് പത്തനംതിട്ട കളക്ടർക്ക് സമർപ്പിച്ചു. റാന്നി, കോന്നി തഹസിൽദാർമാരാണ് കളക്‌ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. തിരുമുറ്റത്തെ ബാരിക്കേഡുകൾ മാറ്റാമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.