ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണത്തിന്റെ പേരിൽ ഹൈക്കോടതി അയോഗ്യനാക്കിയ കണ്ണൂർ അഴീക്കോട് എം.എൽ.എ കെ.എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീം കോടതി. നിയമസഭയിൽ പങ്കെടുക്കുന്നതിന് യാതൊരു തടസവുമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ആനുകൂല്യങ്ങൾ കൈപ്പറ്റരുതെന്ന് അറിയിച്ചു. ഹൈക്കോടതി വിധിയുടെ സ്റ്റേ നാളെ അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതിയിൽ നിന്നും ഷാജിക്ക് അനുകൂലമായ വാക്കാൽ പരാമർശം വന്നത്. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് വാക്കാൽ പരാമർശം നടത്തിയത്.
അതേസമയം, ഹൈക്കോടതി വിധിക്കെതിരായ ഷാജി സമർപ്പിച്ച അപ്പീൽ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അയോഗ്യത ഉത്തരവിന് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കെ.എം ഷാജിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ ഒരു സ്റ്റേ ഉത്തരവിന്റെ ബലത്തിൽ എം.എൽ.എ പദവി നിലനിർത്താനാണോ ആഗ്രഹിക്കുന്നതെന്ന് ഷാജിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. സാധാരണ തിരഞ്ഞെടുപ്പ് കേസുകളിൽ ഇത്തരമൊരു മറുപടിയാണ് നൽകുകയെന്നും വിശദമായ വാദം പിന്നീട് കേൾക്കാമെന്നും കോടതി അറിയിച്ചു.
വർഗീയ ധ്രുവീകരണത്തിന്റെ പേരിൽ നവംബർ ഒൻപതിനാണ് ഹൈക്കോടതി കെ.എം ഷാജിയെ അയോഗ്യനാക്കി വിധി പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയ ഹൈക്കോടതി ഷാജിയെ ആറ് വർഷത്തേക്കാണ് അയോഗ്യനാക്കിയിരുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തിയാണ് മുസ്‌ലീംലീഗ് സ്ഥാനാർത്ഥിയായിരുന്ന കെ.എം. ഷാജി ജയിച്ചതെന്നും തനിക്കെതിരെ അപമാനകരവും അസത്യവുമായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്നും ആരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ എം.വി. നികേഷ് കുമാർ നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി.ഡി. രാജൻ വിധി പറഞ്ഞത്. ഹർജിക്കാരന് കോടതിച്ചെലവായി 50,000 രൂപ ഒരാഴ്‌ചയ്‌ക്കം കെട്ടിവയ്ക്കണം. എന്നാൽ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. വിധി രാഷ്ട്രപതിയെയും നിയമസഭാ സ്പീക്കറെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിക്കാനും ഉത്തരവിട്ടിരുന്നു.
തുടർന്ന് ഉച്ചയ്‌ക്ക് കോടതി വീണ്ടും ചേർന്നപ്പോൾ കെ.എം. ഷാജിയുടെ അഭിഭാഷകൻ അപ്പീൽ നൽകാൻ 30 ദിവസവും വിധിക്ക് സ്റ്റേയും ആവശ്യപ്പെട്ടിരുന്നു. നികേഷിന്റെ അഭിഭാഷകൻ എതിർത്തെങ്കിലും കോടതി രണ്ടാഴ്ച സ്റ്റേ അനുവദിക്കുകയായിരുന്നു.