ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ഇനി മുതൽ രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ സേവനം ലഭ്യമാകും. ജനുവരി ഒന്നു മുതലാണ് സേവനം ലഭ്യമാകുക. ആറു വർഷമായി ഉപയോഗിച്ചുവരുന്ന എയർടെലിന്റെ സേവനം നിർത്തലാക്കിയാണ് ജിയോ സേവനം നടപ്പിലാക്കുന്നത്. ഇതിലൂടെ ഫോൺ ബില്ലിൽ 35 ശതമാനം കുറവ് വരുമെന്നാണ് റെയിൽവെ പ്രതീക്ഷിക്കുന്നത്.
കമ്പനി നാല് പാക്കേജുകളാണ് റെയിൽവേയ്‌ക്ക് നൽകുക. റെയിൽവെ ഉന്നത ഉദ്യോഗസ്ഥർക്കാണ് ഒരു പ്ലാൻ. പ്രതിമാസം 125 രൂപയ്‌ക്ക് 60 ജി.ബി പ്ലാനാണിത്. എയർടലിന്റെ സ്‌കീമിൽ 1.95 ലക്ഷം മൊബൈൽ കണക്ഷനുകളാണ് റെയിൽവെ ഉപയോഗിച്ചത്. ഓരോ സർക്കിളിനും പ്രതിവർഷം 100 കോടി രൂപയാണ് റെയിൽവെ ചിലവഴിക്കുന്നത്. ഈ വർഷം ഡിസംബർ 31ന് എയർടലിന്റെ കാലാവധി അവസാനിക്കും. കാലാവധി അവസാനിക്കുന്നതോടെ റെയിൽവേയുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ 'റെയിൽ ടെല്ലി'ന് ചുമതല നൽകുമെന്നാണ് റെയിൽവെ ബോർഡിന്റെ തീരുമാനം.