ശബരിമല: കർശന പൊലീസ് നിയന്ത്രണവും നാമജപ യജ്ഞത്തിന്റെ പേരിലുള്ള നടപടികളും വിവാദമാകുന്നതിനിടെ ദേവസ്വം ബോർഡ് ഭാരവാഹികളുടെ അസാന്നിദ്ധ്യം വിമർശന വിധേയമാകുന്നു. ഇക്കാരണങ്ങളാൽ ഉദ്യോഗസ്ഥർക്ക് സ്വതന്ത്രതീരുമാനം എടുക്കാൻ കഴിയുന്നില്ല. മുൻ വർഷങ്ങളിൽ സീസൺ കാലയളവിൽ പ്രസിഡന്റ്, ബോർഡ് മെമ്പർമാർ എന്നിവരിൽ ആരെങ്കിലും ഒരാളുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു.
ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറാകട്ടെ 16ന് നടതുറന്ന ദിവസം പമ്പയിൽ ബോർഡ് യോഗം വിളിച്ചുചേർത്ത് സുപ്രീംകോടതിയിൽ സാവകാശ ഹർജി ഫയൽ ചെയ്യാനുള്ള തീരുമാനമെടുത്തശേഷം രാത്രിയിൽ സന്നിധാനത്ത് എത്തിയെങ്കിലും പുലർച്ചെ നിർമ്മാല്യ ദർശനം നടത്തി മടങ്ങി.
ദേവസ്വം ബോർഡിനും തീർത്ഥാടകർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മന്ത്രിയെ ധരിപ്പിക്കാനെന്ന പേരിലായിരുന്നു തിടുക്കത്തിലുള്ള മടക്കം.ഏക ബോർഡംഗം കെ.പി. ശങ്കരദാസ് 17ന് ഉച്ചയോടെ മടങ്ങി. ദേവസ്വം കമ്മിഷണർ എൻ. വാസു മാത്രമാണ് രണ്ട് ദിവസം സന്നിധാനത്ത് തങ്ങി സ്ഥിതിഗതികൾ വിലയിരുത്തിയത്. ഇതിനുശേഷം ഒരാൾപോലും സന്നിധാനത്തേക്ക് എത്തിയില്ല. പൊലീസ് ഭരണത്തിലാണ് പൂർണമായും ശബരിമലയിപ്പോൾ. ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ കാരണം ഭക്തർക്ക് കാണിക്കയിടാനുള്ള അവസരവും നിഷേധിക്കപ്പെട്ടു. വരുമാനം ലഭിക്കേണ്ട പലമാർഗങ്ങളും ബാരിക്കേഡുകൾ ഉയർത്തി അടച്ചതോടെ ദേവസ്വം ബോർഡിന് അഞ്ച് ദിവസം പിന്നിട്ടപ്പോൾ ഒൻപത് കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടായി.
തീർത്ഥാടകരുടെ എണ്ണത്തിലെ കുറവാണ് ഇതിന് കാരണമെങ്കിലും അപ്പം,അരവണ പ്രസാദങ്ങൾ വാങ്ങാൻ പോലും കഴിയാതെയാണ് തീർത്ഥാടകരിൽ നല്ലൊരു പങ്കും മടങ്ങുന്നത്. ഇത്തരം വിഷയങ്ങളിൽ ഇളവ് വരുത്തുന്നതിന് ബോർഡ് ഭാരവാഹികളുടെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമില്ല.