''മൂസ...'
നഷ്ടപ്പെട്ടു തുടങ്ങിയ ആത്മവീര്യം വളരെ പെട്ടെന്നു വീണ്ടെടുത്തു വാസുദേവൻ.
''ചെറിയതാണെങ്കിലും ഒരു പത്രം തുടങ്ങിയ കാലം മുതൽ എനിക്കുണ്ടായിട്ടുണ്ട്, ചെറുതും വലുതുമായ ഭീഷണികളും കൊലപാതക ശ്രമങ്ങളും. അന്നൊന്നും ഞാൻ തോറ്റിട്ടില്ല സ്പാനറേ.. പിന്നെയാ ഇപ്പോൾ..'
വാസുദേവൻ ചിരിച്ചു.
മൂസ അയാളുടെ കണ്ണുകളിലേക്ക് നോട്ടം ഉറപ്പിച്ചു.
''പക്ഷേ വാസുവേട്ടാ.. അന്നൊക്കെ നിങ്ങളുടെ മുന്നിൽ നിന്നും പിന്നിൽ നിന്നും ഒന്നും വന്നിട്ടുള്ള ശത്രുവിന്റെ പേര് മൂസ എന്നായിരിക്കില്ല. 'മൂസ' എന്ന പേരിന്റെ പര്യായം ഇപ്പോൾ മരണം എന്നായിപ്പോയി. കഷ്ടം...'
സ്പാനർ മൂസ ചുണ്ടുകോട്ടി.
അയാളെ തീർത്തും അവഗണിച്ചു വാസുദേവൻ. പിന്നെ മിന്നൽ വേഗത്തിൽ മേശയുടെ ഡ്രോ വലിച്ചു തുറന്നു. അതിൽ നിന്ന് ഒരു റിവോൾവർ വലിച്ചെടുത്തു.
സ്പാനർ മൂസയ്ക്ക് വാസുദേവന്റെ ശിരസ്സിൽ ആഞ്ഞടിക്കാനുള്ള നേരം കിട്ടിയില്ല. അതിനു മുൻപ് വാസുദേവൻ റിവോൾവറിന്റെ ബാരൽ അയാളുടെ പൊക്കിളിൽ കുത്തി.
മൂസ ഞെട്ടി.
അയാൾ പിന്നോട്ടു നീങ്ങാൻ ഭാവിച്ചു.
''അനങ്ങരുത് നീ. ഞാൻ പൊട്ടിക്കും. പിറന്നു വീണപ്പോൾ അറുത്തുമാറ്റിയ നിന്റെ പൊക്കിൾക്കൊടിയുടെ ദ്വാരത്തിലൂടെ ഒരുണ്ട അങ്ങ് അകത്തേക്കു പാഞ്ഞ് നിന്റെ വയറിന്റെ അളവെടുക്കും.'
നിശ്ചലം നിന്നുപോയി മൂസ.
വാസുദേവന് എതിരെ ഇരുന്ന വിക്രമനിലും ഉണ്ടായി വല്ലാത്തൊരു നടുക്കം.
വാസുദേവന്റെ ചുണ്ടുകൾ ചലിച്ചു:
''നൊട്ടോറിയസ് ക്രിമിനലായ നിന്നെ കൊന്നാൽ പുല്ലുപോലെ ഞാൻ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടും. പൂർത്തിയാക്കിയില്ലെങ്കിലും രണ്ടുവർഷം ലോ കോളേജിൽ നിരങ്ങിയിട്ടുള്ളവനാടാ ഞാനും. പിന്നെ ലൈസൻസുള്ള റിവോൾവറാ ഇത്. സ്വയരക്ഷയ്ക്ക് നിന്നെ കൊന്നെന്ന് തെളിവുസഹിതം എനിക്ക് സ്ഥാപിക്കാനാവും. ഇതുംകൂടി നീ കാണ്.'
തന്റെ ശിരസ്സിന് പിന്നിലെ ഭിത്തിയിലേക്ക് വാസുദേവൻ ഒരാംഗ്യം കാട്ടി.
മൂസയും വിക്രമനും ഒന്നിച്ച് അവിടേക്കു നോക്കി. ഇരുവരും വിളറിപ്പോയി.
ഒരു സി.സി.ടിവി ക്യാമറ.
അവിടെ നടന്നതത്രയും ക്യാമറയിൽ പതിഞ്ഞെന്നത് ഉറപ്പ്.
''നിങ്ങൾ സുമോയിൽ പുറത്തുവന്നിറങ്ങിയതടക്കം ഈ നിമിഷം വരെ സംഭവിച്ചത് അത്രയും റിക്കാർഡ് ചെയ്യപ്പെട്ടു കഴിഞ്ഞു.''
അയാൾ റിവോൾവറിന്റെ ബാരൽ ഒന്നുകൂടി അമർത്തി.
തന്റെ പൊക്കിളിൽ പൊള്ളുന്ന ചൂട് വമിക്കുന്നതുപോലെ തോന്നി സ്പാനർ മൂസയ്ക്ക്.
ഇരുന്നിടത്തുനിന്ന് എണീറ്റില്ല വാസുദേവൻ.
അയാളുടെ ശബ്ദം വീണ്ടും മുറുകി.
''നിന്നെ ഇങ്ങോട്ട് അയച്ചത് ആരാണെന്ന് എനിക്ക് കൃത്യമായി അറിയാം. മുൻമന്ത്രി രാജസേനൻ. അവനോടു പോയി പറയണം. വെടിമരുന്നിനോട് തീ കൊണ്ട് കളിക്കാൻ വരരുതെന്ന്. മൊത്തം ഭസ്മമാക്കിക്കളയും ഞാൻ.'
സ്പാനർ മൂസയും വിക്രമനും ഉമിനീർ വിഴുങ്ങി.
വാസുദേവൻ തുടർന്നു:
''ഇതും കൂടി പറഞ്ഞേര് നിന്റെ തമ്പുരാനോട്. നീ എന്റെ ശിരസ്സിലേക്ക് സ്പാനർ ഓങ്ങി നിൽക്കുന്ന ചിത്രമായിരിക്കും നാളത്തെ എന്റെ പത്രത്തിന്റെ മുൻ പേജിലെന്ന്. ശക്തി അല്പം ക്ഷയിച്ച്, പ്രായം ഇത്തിരിക്കൂടിയെങ്കിലും ചങ്കുറപ്പിന്റെ കാര്യത്തിൽ ഞാനിപ്പഴും പതിനാറുകാരനാണെന്ന്! പിന്നെ നെയ്മുറ്റിയ ഏത് ഹൃദയത്തെയും പിളർക്കാൻ കഴിവുള്ള ഒരായുധം ഏത് സമയത്തും എന്റെ കയ്യിൽ ഉണ്ടായിരിക്കുമെന്ന്!'
മൂസ വിളറിനിന്നു.
അടിയ്ക്കടി ഉണ്ടായ രണ്ടാമത്തെ പരാജയമാണ് തന്റേത്. ആദ്യത്തേത് ഇന്നലെ രാത്രിയിൽ പത്തനംതിട്ടയിലെ ചുട്ടിപ്പാറയിൽ...
''പോടാ. പൊയ്‌ക്കോ. നിന്നു പരുങ്ങാതെ.' വാസുദേവൻ ചുണ്ടുകോട്ടി.
പ്രാണൻ തിരിച്ചുകിട്ടിയതുപോലെ മൂസ തിരിഞ്ഞു. വിക്രമനും കസേരയിൽ നിന്നെഴുന്നേറ്റു.
വാതിൽക്കൽ എത്തിയിട്ട് ഒന്നു തിരിഞ്ഞു സ്പാനർ മൂസ:
''എടോ പത്രാധിപരേ.. തന്റെ തലമുടി വടിച്ചുമാറ്റിയിട്ട് നോക്കിയാൽ കാണും അവിടെ കാലന്റെ ലിഖിതം. തന്നെ എനിക്ക് ഹാൻഡോവർ ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ട് കരുതിയിരുന്നോ. ഞാൻ ഇനിയും വരും. ഒറ്റത്തവണകൂടി തന്റെയീ വേയിസ്റ്റ് പേപ്പറിൽ എന്റെ പേര് അച്ചടിച്ചാൽ.. വിചാരണയും വിധിയെഴുത്തും
ശിക്ഷ നടപ്പാക്കലും ഞാൻ തന്നെ. സ്പാനർ മൂസ.' അയാൾ ചിരിച്ചു.
വാസുദേവൻ, മൂസയിൽ നിന്നു കണ്ണുമാറ്റിയില്ല. ഇമകൾ പോലും ചലിച്ചില്ല....
മൂസ ഇറങ്ങിപ്പോയി.
പിന്നാലെ വിക്രമനും.
ഒരു കൊടുങ്കാറ്റും പേമാരിയും തൽക്കാലം അടങ്ങിയ പ്രതീതി. (തുടരും)