തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പണമിടാൻ പാടില്ലെന്ന പ്രചാരണം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 12,000ൽ കൂടുതൽ വരുന്ന ബോർഡ് ജീവനക്കാരുടെ ഹൈന്ദവ കുടുംബങ്ങളെയാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ യുവതികളായ യഥാർത്ഥ ഭക്തരൊന്നും ശബരിമലയിൽ എത്തിയിട്ടില്ല. എത്ര ചെലവ് വഹിക്കേണ്ടി വന്നാലും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത നടപടികൾ സ്വീകരിക്കുമെന്നും പദ്മകുമാർ പറഞ്ഞു.
ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പൊലീസ് നിയന്ത്രണവും ശബരിമലയിൽ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പദ്മകുമാർ അഭിപ്രായപ്പെട്ടു.
1258 ക്ഷേത്രങ്ങളെയും 12,000 ജീവനക്കാരെയും പെൻഷൻകാരെയും മുൻനിർത്തി മാത്രമേ തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പമ്പയിൽ 380 ശൗചാലയങ്ങളുണ്ട്. 10 മുറികൾ വാടകക്ക് നൽകുന്നുണ്ട്. ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും സർക്കാരിനെയും ദേവസ്വം ബോർഡിനെയും കുറ്റപ്പെടുത്താൻ മനപൂർവമായി ശ്രമിക്കുകയാണെന്നും പദ്മകുമാർ വ്യക്തമാക്കി.