തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നടത്തുന്ന പ്രതിഷേധത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം നടത്തുന്ന ഒളിച്ചുകളിക്കെതിരെ ബി.ജെ.പി നേതാക്കളിലും അണികളിലും അമർഷം പുകയുന്നു. പാർട്ടിയുടെ ഏറ്റവും ഊർജ്ജസ്വലനായ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ജയിലിലായി അഞ്ച് ദിവസമായിട്ടും സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള അദ്ദേഹത്തെ ജയിലിൽ സന്ദർശിക്കാത്തത് അണികളിലും നേതാക്കളിലും കടുത്ത പ്രതിഷേധമുളവാക്കിയിട്ടുണ്ട്.
പാർട്ടി നടത്തിയ സമരത്തിന്റെ പേരിൽ എടുത്ത പഴയ കേസുകൾ കുത്തിപ്പൊക്കി സുരേന്ദ്രനെ ദിവസങ്ങളോളം ജയിലിലിരുത്താൻ സർക്കാർ ശ്രമിക്കുമ്പോൾ പാർട്ടിയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതിഷേധം ഉണ്ടാകുന്നില്ലെന്നാണ് നേതാക്കളുടെ ആക്ഷേപം. പാർട്ടി അണികൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ് ശബരിമലയിൽ പോകാൻ തയാറാകാത്തതും പാർട്ടിയിൽ വിവാദമായിട്ടുണ്ട്.
കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ വന്നപ്പോൾ പോലും സംസ്ഥാന പ്രസിഡന്റ് ശബരിമലയിൽ എത്തിയില്ല.അതും അണികളിൽ മുറുമുറുപ്പിന് ഇടയാക്കി. കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ അണികളുടെ നിർബന്ധത്തിന് വഴങ്ങി ഒരു റോഡുപരോധം നടത്തിയതൊഴിച്ചാൽ ബി.ജെ.പി ഔദ്യോഗികമായി ഒരു പ്രതിഷേധ പരിപാടിയും നടത്തിയിരുന്നില്ല. കെ.സുരേന്ദ്രനുവേണ്ടി പാർട്ടി നേതൃത്വം സമര രംഗത്തിറങ്ങിയില്ലെങ്കിൽ സ്വയം തീരുമാനിച്ച് പാർട്ടി പ്രവർത്തകർ മുന്നോട്ട് വരുമെന്ന് ഒരു സംസ്ഥാന ഭാരവാഹി കേരള കൗമുദി ഫ്ലാഷിനോട് പറഞ്ഞു.