പത്തനംതിട്ട: ശബരിമലയിലെ സംഘർഷത്തെ തുടർന്ന് അറസ്റ്രിലായി ജാമ്യം ലഭിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ പുതിയ കേസ്. ശബരിമലയിൽ ചോറൂണിനായി എത്തിയ 52കാരിയെ തടഞ്ഞ സംഭവത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗൂഡാലോചന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായതിനെ തുടർന്ന് സുരേന്ദ്രനടക്കം 72 പേർക്ക് പത്തനംതിട്ട മുൻസിഫ് കോടതി ഇന്നലെ സോപാധിക ജാമ്യം അനുവദിച്ചിരുന്നു. രണ്ട് മാസം ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് മുൻസിഫ് മജിസ്ട്രേട്ട് സൂര്യ സുകുമാരൻ ജാമ്യം അനുവദിച്ചത്. ഓരോരുത്തരും രണ്ട് ആൾ ജാമ്യത്തിൽ 20,000 രൂപ വീതം കെട്ടിവയ്ക്കണം. എന്നാൽ കണ്ണൂർ എസ്.പി ഓഫീസ് മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ സുരേന്ദ്രനെതിരെ കണ്ണൂർ മജിസ്‌ട്രേട്ട് കോടതിയുടെ വാറണ്ടുള്ളതിനാൽ ഈ കേസിൽ ജാമ്യം ലഭിച്ചാലേ ജയിൽ മോചിതനാകൂ.