mumbai

മുംബയ്: കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുംബയിലേക്ക് വീണ്ടും ക‌ർഷക മാർച്ച്. മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ബുധനാഴ്‌ച താനെയിലെത്തി ഒത്തുചേർന്ന കർഷകർ കാൽനടയായി വ്യാഴാഴ്ച മുംബയ് നഗരത്തിലെത്തും. മുംബയിലേക്കെത്തുന്ന റാലിയിൽ 20,000 കർഷകർ പങ്കെടുക്കും. ഉത്‌പന്നങ്ങളുടെ താങ്ങുവില ഉത്‌പാദനചിലവിന്റെ അമ്പതുശതമാനത്തിന് മുകളിലാക്കുക, വരൾച്ചാ ദുരിതാശ്വാസം നൽകുക, കാർഷികവായ്‌പ പൂർണമായി എഴുതിത്തള്ളുക, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, കാടിന്റെ അവകാശം ആദിവാസികൾക്ക് നൽകുക എന്നീ ആവശ്യങ്ങളാണ് മാർച്ചിൽ കർഷകർ ഉന്നയിക്കുന്നത്. മഹാരാഷ്ട്രയിൽ ഒരു വർഷത്തിനുള്ളിൽ കർഷകരുടെ മൂന്നാമത്തെ പ്രതിഷേധമാണിത്.

മഗ്‌സസെ അവാർഡ് ജേതാവ് ഡോ. രാജേന്ദ്രസിംഗിന്റെ നേതൃത്വത്തിലാണ് മാർച്ച് നടക്കുന്നത്. ബുധനാഴ്ച താനെയിൽനിന്ന് ആരംഭിച്ച മാർച്ച് സയണിലെ സോമയ്യ ഗ്രൗണ്ടിൽ സമാപിച്ചു. വ്യാഴാഴ്ച രാവിലെ മുംബയ് ആസാദ് മൈതാനിയിലെത്തും.