പനാജി : പേര്, റഹിം ഖാദർ.ജോലി പെരുമ്പാവൂരിനടുത്ത് അയ്യമ്പുഴ പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ. പൊലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യമെന്ന് ചോദിക്കാൻ വരട്ടെ . കാര്യമുണ്ട്. ഗോവയിൽ നടന്നുവരുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മലയാളത്തിൽ നിന്ന് ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്ത ആറു ചിത്രങ്ങളിലൊന്ന് സിനിമയെ അഗാധമായി സ്നേഹിക്കുന്ന ഈ പൊലീസുകാരന്റേതാണ്. സിനിമയുടെ പേര് മക്കന. മുസ്ളിം സ്ത്രീകൾ ധരിക്കുന്ന ശിരോവസ്ത്രമാണ് മക്കന.
റഹീം ആദ്യമായി സംവിധാനം ചെയ്യുന്ന കഥാചിത്രമാണിത്. നേരത്തെ ഹ്രസ്വചിത്രങ്ങൾക്ക് തിരക്കഥയെഴുതുകയും പഠിക്കുമ്പോൾ നാടകം ചെയ്യുകയും ചെയ്തു വഴി നേടിയ പരിചയവും സിനിമയെക്കുറിച്ചുള്ള ധാരണകളുമാണ് കൈമുതൽ. മക്കന പെൺമക്കളുള്ള അമ്മമാർക്കു നൽകുന്ന സന്ദേശത്തിന്റെ ഒരു നേർക്കാഴ്ചയാണെന്ന് റഹിം കേരളകൗമുദിയോട് പറഞ്ഞു. രാജ്യവ്യാപകമായി കോളിളക്കം സൃഷ്ടിച്ച ഹാദിയാ സംഭവത്തിന്റെ പശ്ചാത്തലം കൂടി ഉൾക്കൊണ്ടാണ് റഹിം മക്കന ഒരുക്കിയത്. ഹിന്ദുമതത്തിലെ അംഗമായ പെൺകുട്ടി മുസ്ലിം യുവാവിനെ വിവാഹം ചെയ്യുമ്പോൾ പെൺകുട്ടിയുടെ മാതാപിതാക്കൾ നേരിടുന്ന സംഘർഷങ്ങളാണ് ഇതിവൃത്തം.
മതത്തെക്കാൾ വ്യക്തികളാണ് പ്രധാനമെന്ന് റഹിം വിശ്വസിക്കുന്നു. എല്ലാ മതങ്ങളും നല്ല മൂല്യങ്ങളാണ് പഠിപ്പിക്കുന്നത്. ഇതര മതസ്ഥരെ സ്നേഹത്തോടും സൗഹാർദ്ദത്തോടും സമീപിക്കാനുള്ള മാനസികാവസ്ഥയിലേക്ക് മാതാപിതാക്കൾ കുട്ടികളെ നയിക്കണമെന്ന് റഹീം പറയുന്നു. ആചാരങ്ങളെക്കാൾ പ്രധാനപ്പെട്ടതാണ് മനുഷ്യർ എന്ന സന്ദേശം കൂടി മക്കന നൽകുന്നുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം സംവിധായകന്റേതു തന്നെ. സജിതാ മഠത്തിലാണ് നായികാ കഥാപാത്രമായ അമ്മ സീതയെ അവതരിപ്പിക്കുന്നത്. അച്ഛനായി ഇന്ദ്രൻസും പെൺകുട്ടിയായി മീനാക്ഷി മധുരാഘവനും വേഷമിടുന്നു. പൊലീസ് സേനയിലെ കാരുണ്യമുള്ള നല്ലവരായ തന്റെ സീനിയർ ഓഫീസർമാരുടെയും സഹപ്രവർത്തകരുടെയും പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് തനിക്ക് ഈ സിനിമയെടുക്കാൻ കഴിഞ്ഞതെന്ന് റഹിം പറഞ്ഞു. 17 ദിവസം കൊണ്ട് പെരുമ്പാവൂർ പിറവം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കി.സിനിമയോടുള്ള അഭിനിവേശം ഈ ചിത്രം കൊണ്ട് തീരില്ല. അടുത്തചിത്രത്തിന്റെ തിരക്കഥ റഹിം പൂർത്തിയാക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ ഒരു പൊലീസ് ഓഫീസറുടെ അനുഭവമാണ് കഥാതന്തു. സ്വാഭാവികമായും രാജൻ സംഭവും പ്രമേയത്തിൽ കടന്നു വരും. 24 ന് ഉച്ചയ്ക്കാണ് മക്കനയുടെ പനോരമയിലെ ആദ്യ പ്രദർശനം. പെരുമ്പാവൂർ സ്വദേശിയായ കാക്കിക്കുള്ളിലെ ഈ കലാകാരനെ പൊലീസ് സേന കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതാണ്. കാരണം ഇന്ത്യൻ പനോരമയിൽ ആദ്യചിത്രം തന്നെ സ്ഥാനംപിടിക്കുകയെന്നത് എളുപ്പമുള്ള ഒരുകാര്യമല്ല.
മേളയുടെ ചുക്കാൻ പിടിച്ച് മലയാളത്തിന്റെ മരുമകൻ
ഗോവയിലെ ചലച്ചിത്രോത്സവത്തിന്റെ ചുക്കാൻ പിടിക്കുന്നത് ഗോവ എന്റർടെയിൻമെന്റ് സൊസൈറ്റിയാണ് (ഇ.എസ്.ജി). കഴിഞ്ഞ നാലു വർഷമായി ഇ.എസ്.ജിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്നത് അമേയ അഭയങ്കർ എന്ന യുവ ഐ.എ.എസ് ഓഫീസറാണ്. ഗോവയിലെ ഐ.ടി സെക്രട്ടറിയും പബ്ളിക് സർവീസ് കമ്മിഷൻ സെക്രട്ടറിയും അമേയയാണ്. ഫിലിം ഫെസ്റ്റിവലിൽ സിനിമ തിരഞ്ഞെടുക്കുന്ന ജോലി ഡയറക്ടറേറ്റ് ഒഫ് ഫിലിം ഫെസ്റ്റിവലിനാണെങ്കിൽ ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പ് എന്ന ഭാരിച്ച ഉത്തരവാദിത്വം ഇ.എസ്.ജിക്കാണ്. സമർത്ഥനായ ഈ യുവഉദ്യോഗസ്ഥൻ കേരളത്തിന്റെ മരുമകനാണ്. പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ.പി.മോഹനന്റേയും വിജയമോഹനന്റേയും മകളും മുൻ ഗോവ കളക്ടറുമായ നിളാ മോഹനാണ് അമേയയുടെ ഭാര്യ. ഇരുവരും ഒരേ ബാച്ചുകാരായ ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. നിള ഇപ്പോൾ ഗോവയിലെ വിദ്യാഭ്യാസം , വൈദ്യുതിയടക്കം വിവിധ വകുപ്പുകളുടെ സെക്രട്ടറിയാണ്. ഹൈദരാബാദിൽ ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുകയാണ് നിള . ഇവർക്ക് രണ്ട് മക്കൾ.
മലയാളത്തിൽ അഭിനയിക്കും ജാൻവി കപൂർ
അവസരം ലഭിച്ചാൽ മലയാള സിനിമയിൽ അഭിനയിക്കാൻ മടിയില്ലെന്ന് നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ പറഞ്ഞു. അമ്മ ഏറ്റവും കൂടുതൽ അഭിനയിച്ച ഭാഷകളിലൊന്ന് മലയാളമാണ്. ആ ഭാഷയിൽ അഭിനയിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. അഭിനയത്തിൽ എന്നും മാതൃക അമ്മ തന്നെയാണ്. ജീവിതത്തിലും അഭിനയത്തിലും അമ്മയാണ് എറ്റവും വലിയ പാഠപുസ്തകം. ഞാൻ വളർന്നതുതന്നെ അമ്മയുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ്. ഇംഗ്ളീഷ് വിംഗ്ളീഷ് , മോം എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗിന് അമ്മയോടൊപ്പം ഞാനുമുണ്ടായിരുന്നു. അഭിനയത്തിൽ അനുകരിക്കാൻ പറ്റാത്ത നടിയാണ് തന്റെ അമ്മയെന്നും ജാൻവി പറഞ്ഞു. അച്ഛൻ ബോണി കപൂറിനൊപ്പം ഗോവ ചലച്ചിത്രോത്സവത്തിനെത്തിയതായിരുന്നു ജാൻ
വി.
ഭയാനകത്തിന് ഉജ്ജ്വല പ്രതികരണം
ജയരാജ് തകഴിയുടെ കഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത ഭയാനകത്തിന് ഗോവ ചലച്ചിത്രോത്സവത്തിൽ ഉജ്ജ്വല പ്രതികരണമാണ് ലഭിച്ചത് മത്സര വിഭാഗത്തിൽ ഉൾപ്പെട്ട ഈ സിനിമയുടെ പ്രഥമ പ്രദർശനമായിരുന്നു ഇന്നലെ .നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനം. ജയരാജ് ഛായാഗ്രാഹകൻ നിഖിൽ,അഭിനേതാക്കളായ രൺജി പണിക്കർ ,ആശാശരത് എന്നിവർ ആദ്യപ്രദർശനത്തിനെത്തിയിരുന്നു.