1. പൊലീസിനും സംസ്ഥാന സര്‍ക്കാരിനും തലവേദനയായി പൊന്‍രാധാകൃഷ്ണന് പിന്നാലെ കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ ശബരിമലയിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജു രണ്ടു ദിവസത്തിനകം ശബരിമലയില്‍ എത്തും. കൂടുതല്‍ മന്ത്രിമാര്‍ വരും ദിവസങ്ങളില്‍ ശബരിമലയില്‍ എത്തും എന്നാണ് സൂചന. ഇന്നലെ ശബരിമലയില്‍ എത്തിയ പൊന്‍രാധാകൃഷണനോട് എസ്.പി യതീഷ് ചന്ദ്ര സംസാരിച്ചത് വിവാദം ആയിരുന്നു
2. അതേസമയം, കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം തടഞ്ഞിട്ടില്ല എന്ന് എസ്.പി ഹരിശങ്കര്‍. മന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉണ്ടായിരുന്ന മറ്റൊരു കാര്‍ ആണ് തടഞ്ഞത്. പൊലീസ് പട്ടികയിലുള്ള പ്രതിഷേധക്കാര്‍ വാഹനത്തില്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് പരിശോധന നടത്തിയത്. മന്ത്രിയുടെ വാഹനം കടന്നു പോയത് പുലര്‍ച്ചെ 1.13ന്. 1.20ന് വന്ന വാഹനം ആണ് തടഞ്ഞത്
3. കാറില്‍ ഉണ്ടായിരുന്നവര്‍ മന്ത്രിയെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തുക ആയിരുന്നു. വാഹനം പരിശോധിച്ചതിന്റെ വിശദീകരണം മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ എഴുതി നല്‍കി. എന്നാല്‍ മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ല എന്നും എസ്.പിയുടെ കൂട്ടിച്ചേര്‍ക്കല്‍. ഇതു സംബന്ധിച്ച സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ഇന്ന് പുലര്‍ച്ചെ ആണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞത്.
4. ശബരിമലയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാക്ക് തര്‍ക്കം നടത്തിയ എസ്.പി യതീഷ് ചന്ദ്രയ്ക്ക് എതിരെ ബി.ജെ.പി. യതീഷ് ചന്ദ്രയ്ക്ക് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കി എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കേരളത്തില്‍ പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു എന്ന് വിമര്‍ശനം. യുവതി പ്രവേശനത്തിന് എതിരായ സമരത്തിനാണ് ബി.ജെ.പിയുടെ പിന്തുണ
5. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വരാന്‍ കാത്തിരിക്കുക ആണ്. കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നു എന്നും പിള്ള. യതീഷ് ചന്ദ്ര ക്രിമിനലെന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. എസ്.പിക്ക് എതിരെ ബി.ജെ.പി നിലപാട് കടുപ്പിച്ചത് കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞെന്ന വിവാദം നിലനില്‍ക്കെ
6. അതിനിടെ, കെ. സുരേന്ദ്രന് എതിരെ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്ത് പൊലീസ്. 52 വയസുകാരിയെ തടഞ്ഞ സംഭവത്തില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശബരിമലയിലെ പ്രതിഷേധ സംഭവങ്ങളില്‍ ജാമ്യം ലഭിച്ചിട്ടും, പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ ആകാത്ത സുരേന്ദ്രന്‍ കൊട്ടാരക്കര സബ് ജയിലിലാണ്.
7. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശം നടത്തി എന്ന ആരോപണത്തില്‍ ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എം.എല്‍.എ കെ.എം. ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം എന്ന് സുപ്രീംകോടതി. എന്നാല്‍ ആനുകൂല്യങ്ങള്‍ ഷാജിയ്ക്ക് കൈപ്പറ്റാന്‍ ആകില്ല. ഹൈക്കോടതി അനുവദിച്ച സ്റ്റേ നാളെ അവസാനിക്കാന്‍ ഇരിക്കെ ആണ് ഷാജിയ്ക്ക് അനുകൂലമായ കോടതിയുടെ വാക്കാല്‍ പരാമര്‍ശം വന്നത്
8. ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് കെ.എം ഷാജി സുപ്രീംകോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യത വിധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹൈക്കോടതി വിധി നിയമപരമായി തെറ്റെന്നും ആണ് ഹര്‍ജിയില്‍ ഷാജിയുടെ വാദം. വര്‍ഗീയ ധ്രുവീകരണത്തിന്റെ പേരില്‍ കഴിഞ്ഞ ഒന്‍പതിന് ആണ് ഹൈക്കോടതി കെ.എം. ഷാജിയെ അയോഗ്യന്‍ ആക്കിയത്
9. ജമ്മുകാശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടിക്ക് എതിരെ വിശാല സഖ്യം കോടതിയിലേക്ക്. ബദ്ധശത്രുക്കളായ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ച് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ആണ് നാടകീയ നടപടി. ഗവര്‍ണറുടെ തീരുമാനത്തിന് എതിരെ സുപ്രീം കോടതിയെ സമീപിക്കും എന്ന് വിശാല സഖ്യം. സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍
10. ഏറെ നാളത്തെ പിന്‍വാതില്‍ ചര്‍ച്ചകള്‍ക്കു ശേഷം ബി.ജെ.പിയെ ഞെട്ടിച്ച്, പി.ഡി.പിയും കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കും എന്ന തീരുമാനം ഉച്ചയോടെയാണ് പുറത്തുവന്നത്. പി.ഡി.പിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാനത്തെ മുന്‍ ധനമന്ത്രിയുമായ അല്‍ത്താഫ് ബുഖാരിയെയാണ് സമവായത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചത്
11. സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി ഗവര്‍ണര്‍ക്ക് കത്തുനല്‍കാന്‍ ശ്രമിക്കുന്നതിനിടെ ആണ് അപ്രതീക്ഷമായ വഴിത്തിരിവ്. സര്‍ക്കാരിനുള്ള പിന്തുണ ജൂണില്‍ ബി.ജെ.പി പിന്‍വലിച്ചതോടെ ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണമാണ്. 80 അംഗ ജമ്മു കശ്മീര്‍ നിയമസഭയില്‍ പി.ഡി.പിക്ക് 28ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസിനു 12 ഉം എം.എല്‍.എമാരാണ് ഉണ്ടായിരുന്നത്