ജീവിതത്തിൽ ഒന്നിനോടും താത്പര്യമില്ലാതിരിക്കുക. എപ്പോഴും കണ്ണുകളിൽ ഉറക്കം ബാക്കിനിൽക്കുന്നു. ചിലപ്പോൾ വല്ലാത്ത ക്ഷീണവും മറ്റു സമയങ്ങളിൽ അകാരണമായ വിഷാദവും. ആഹാരം കൂടുതൽ കഴിക്കുന്നില്ല. എന്നിട്ടു പോലും വണ്ണം കുറയുന്നില്ല. ഈ അവസ്ഥയിലാണെങ്കിൽ ചികിത്സ തേടേണ്ട സമയമായി. പൂമ്പാറ്റയുടെ ആകൃതിയിലുള്ള ഒരു അന്തസ്രാവ ഗ്രന്ഥിയാണിത്. തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കുകയാണ് പ്രധാന ധർമ്മം. ശരീരത്തിലെ അവയവങ്ങളിൽ നിന്ന് ശരീര കോശങ്ങളിലേയ്ക്ക് സന്ദേശങ്ങളിലെത്തിക്കുകയും ശരീരത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്ന രാസപദാർത്ഥങ്ങൾ ആണ് ഈ ഹോർമോണുകൾ.
തൈറോയ്ഡ് ഗ്രന്ഥി ടെട്രാ-അയോഡോ തൈറോനിൻ (ടി 4), ട്രൈ-അയോഡോ തൈറോനിൻ (ടി 3) എന്നീ സുപ്രധാനായ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ പ്രധാനമായും രണ്ടു തകരാറുകളാണ് ഉണ്ടാകുന്നത്. ഹൈപ്പോതൈറോയ്ഡിസവും ഹൈപ്പർ തൈറോയ്ഡിസവും.
ഹൈപ്പോ തൈറോയ്ഡിസം
ശരീരത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ നിലനിർത്തുന്നതിന് ആവശ്യമായ അളവിൽ തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തൈറോയ്ഡ് ഗ്രന്ഥിക്ക് സാധിക്കാത്ത അവസ്ഥയാണിത്. ഇന്ത്യയിലെ ജനസംഖ്യയുടെ 4-10 ശതമാനത്തിനും ഹൈപ്പോതൈറോയ്ഡിസം കണ്ടുവരുന്നു. പുരുഷൻമാരേക്കാൾ സ്ത്രീകളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്.
ലക്ഷണങ്ങൾ
* വിഷാദം
* കാരണം കൂടാതെയുള്ള തൂക്കവർദ്ധന
* ക്ഷീണം
* മുടിക്കൊഴിച്ചിൽ
* വരണ്ട ചർമ്മം
* ഉയർന്ന കൊളസ്ട്രോൾ
* ക്രമം തെറ്റിയ ആർത്തവം
* വന്ധ്യത, ഗർഭം ധരിക്കാൻ ബുദ്ധിമുട്ട്
* കാലുകളിൽ നീര്
ഹൈപ്പർ തൈറോയ്ഡിസം
തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന് ആവശ്യമുള്ളതിൽ കൂടുതൽ തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്ന അവസ്ഥയാണിത്. പുരുഷൻമാരിലും സ്ത്രീകളിലും ഇത് ഏതുപ്രായത്തിലു വരാം. സ്ത്രീകളിലാണ് ഇത് കൂടുതൽ സാധാരണമായി വരുന്നത്. 20 വയസിന് ശേഷം തുടങ്ങിയേക്കാം.
ലക്ഷണങ്ങൾ
* തൂക്കം നഷ്ടപ്പെടൽ
* കൈവിറയൽ
* വിട്ടുമാറാത്ത തൊണ്ടവേദന, അല്ലെങ്കിൽ തൊണ്ട കാറൽ
* അമിതമായി വിയർക്കൽ
* അമിതമായ ഹൃദയമിടിപ്പ്
* ചൂടും ഈർപ്പമുള്ള കൈപ്പത്തികൾ
* ഉറങ്ങാൻ വിഷമം
* വർദ്ധിച്ച മലശോധന
കാരണങ്ങൾ
തൈറോയ്ഡ് ഗ്രന്ഥി ശസ്ത്രക്രിയ വഴി നീക്കം ചെയ്തവരും ഈ ഗ്രന്ഥികളെ ബാധിക്കുന്ന രോഗങ്ങളും വീക്കവുമാണ് തൈറോയ്ഡ് തകരാറുകളുടെ പ്രധാന കാരണങ്ങൾ. തൈറോയ്ഡ് ഗ്രന്ഥി ശസ്ത്രക്രിയ വഴി നീക്കം ചെയ്തവരിലും 50 വയസ് കഴിഞ്ഞ സ്ത്രീകളിലും തൈറോയ്ഡ് തകരാറുകളുടെ കുടുംബചരിത്രമുള്ളവരും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഔഷധങ്ങൾ കഴിക്കുന്നവരിലും രോഗസാദ്ധ്യത കൂടുതലാണ്.
ചികിത്സ
കുടുംബത്തിന്റെയും വ്യക്തിയുടെയും ആരോഗ്യചരിത്രം മനസിലാക്കിയും തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ (ടി.എസ്.എച്ച്) ടെസ്റ്റ് ഫ്രീ ടി 4 ടെസ്റ്റ്, ആന്റി തൈറോയ്ഡ് പെറോക്സിഡേസ് ആന്റി ബോഡി (ടി.പി.ഒ) ആന്റി ബോഡീസ് എന്നീ രക്തപരിശോധനകൾ വഴിയുമാണ് രോഗത്തെ അറിയുന്നത്. ഭൂരിഭാഗം തൈറോയ്ഡ് തകരാറുകളും ഔഷധങ്ങൾ വഴി നിയന്ത്രിക്കുവാൻ കഴിയും.