തഴുതാമയുടെ പൂവും വേരും തണ്ടും എല്ലാം ഔഷധ ഗുണമുള്ളതാണ്. വേരിലാണ് ഏറെ ഔഷധമൂല്യം. ഇലയും ഇളംതണ്ടും ഭക്ഷണയോഗ്യം. മലയാളികളുടെ ഇലക്കറിയായിരുന്നു തഴുതാമ എന്നതാണ് മറ്റൊരു സത്യം . തഴുതാമയുടെ ഔഷധസിദ്ധിയെ ആയുർവേദത്തിലും സിദ്ധവൈദ്യത്തിലും പരാമർശിക്കുന്നുണ്ട്. ഉറക്കമില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ , ശരീരത്തിലെ നീര്, ഹൃദ് രോഗം എന്നിവയ്ക്കെല്ലാം ഫലപ്രദമാണ് ഈ സസ്യമെന്നാണ് ആയുർവേദ വിദഗ്ദ്ധരുടെ കണ്ടെത്തലുകൾ. അസ്ഥിസ്രാവ ചികിത്സയ്ക്കും ഉപയോഗിക്കുന്നുണ്ട്. തഴുതാമ വേര് അരച്ച് നെല്ലിക്ക നീരിൽ ചേർത്തു കഴിച്ചാൽ പ്രോസ്ട്രേറ്റ് വീക്കം നിയന്ത്രിക്കാമെന്നാണ് ആയുർവേദത്തിലെ കണ്ടെത്തൽ. ഹൃദ്രോഗം തടയാൻ തഴുതാമയില തോരൻ വച്ച് പതിവായി കഴിച്ചാൽ നന്ന്. ശരീരത്തിലുള്ള നീരിനും കഫക്കെട്ടിനും ഉത്തമമാണിത്. കൺകുരു മാറാൻ തഴുതാമ വേര് തേനിൽ അരച്ച് കൺപോളയിൽ പുരട്ടുന്നതും നല്ലതാണത്രെ. ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവർത്തനം ത്വരിതപ്പെടുത്താൻ കഴിവുണ്ട് താഴുതാമയ്ക്ക്. മൂത്രാശരോഗങ്ങൾക്ക് ഒന്നാംതരം മരുന്നാണ് ഇത്. തഴുതാമ ഇല ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും ഉത്തമം ആണ്.