കോട്ടയം: ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച സംഭവത്തിൽ കന്യാസ്ത്രീക്ക് കേസ് നടത്താൻ ആവശ്യമായ സഹായം സഭ നല്കണമെന്ന് മാർപാപ്പയ്ക്ക് കത്ത്. ഇന്ത്യൻ വിമെൻ തിയോളജിയൻസ് ഫോറം (ഐ.ഡബ്ലിയു.ടി.എഫ്) ആണ് മാർപാപ്പയ്ക്ക് കത്ത് അയച്ചത്. ഇതിന്റെ കോപ്പി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ജിയാംബാറ്റിസ്റ്റ ദിക്വോത്രോ, സി.ബി.സി.ഐ പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സീറോ മലബാർ സഭ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കെ.സി.ബി.സി ആർച്ച് ബിഷപ്പ് സൂസപാക്യം എന്നിവർക്കും അയച്ചിട്ടുണ്ട്.
ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ സഭയിലെ ചിലർ പരസ്യമായും രഹസ്യമായും രംഗത്ത് എത്തിയതിൽ വിശ്വാസികൾക്ക് അമർഷമുണ്ട്. അത് ദുരീകരിക്കേണ്ടത് സഭയുടെ ഉത്തരവാദിത്വമാണ്. സാമ്പത്തികമായും അല്ലാതെയും വിഷമിക്കുന്ന കന്യാസ്ത്രീക്ക് സഭ ആശ്രമമാകേണ്ടതാണ്. പക്ഷേ, എന്തുകൊണ്ടോ അത് ഉണ്ടാവുന്നില്ല.
ഫ്രാങ്കോ പീഡിപ്പിച്ചുവെന്ന് പറയുന്ന കേസിൽ നേരിട്ട് ഇടപെടണമെന്നും മാർപ്പാപ്പക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീയുടെ കേസിൽ സഭയുടെ നിലപാടുകളും നടപടികളും തെറ്റാണെന്നും ആരോപണ വിധേയനായ ഫ്രാങ്കോ ബിഷപ്പ് ഹൗസിൽ തുടരാൻ അനുവദിക്കുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ഫോറം ചൂണ്ടിക്കാണിക്കുന്നു. പരാതിക്കാരിയുടെയും സാക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാനും വത്തിക്കാൻ നേരിട്ട് ഇടപെടണമെന്നും കത്തിൽ പറയുന്നു.
തൊഴിലാളി സ്ത്രീകൾ തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന പീഡനങ്ങളിൽ ഇടപെടുന്നത് സംബന്ധിച്ച് 2017-ൽ സി.ബി.സി.ഐ പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.