തിരുവനന്തപുരം: ശബരിമലയിലെ നിലവിലുള്ള സ്ഥിതിഗതികളിൽ ഗവർണർക്ക് ലഭിച്ച പരാതികളുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി. വ്യാഴാഴ്‌ച ഉച്ചയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്.
ശബരിമലയിൽ തീർത്ഥാടകർക്ക് കടുത്ത വിവേചനവും അവഗണനയും നേരിടുന്നതായി ഗവർണർക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. സംഘപരിവാർ സംഘടനകളിൽ നിന്നാണ് കൂടുതൽ പരാതി ലഭിച്ചത്. രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ശബരിമലയിൽ നിലവിലുള്ള സ്ഥിതിഗതികൾ ഗവർണറെ അറിയിച്ചു. സുപ്രീം കോടതി വിധിയും മറ്റ് സാഹചര്യങ്ങളും കണക്കിലെടുത്ത് ശബരിമലയിൽ സർക്കാർ സ്വീകരിക്കേണ്ടി വന്ന നടപടികളെ കുറിച്ചും മുഖ്യമന്ത്രി ഗവർണരെ ധരിപ്പിച്ചു എന്നാണ് സൂചന.
നിരോധനാജ്ഞ, ഹൈക്കോടതി പരാമർശം മുതലായവ കൂടിക്കാഴ്‌ചയിൽ ചർച്ചാ വിഷയമായി. കേന്ദ്രമന്ത്രിയുടെ പരാതിയെക്കുറിച്ചും സദാശിവം മുഖ്യമന്ത്രിയോട് സംസാരിച്ചു. പ്രശ്നങ്ങൾക്കെല്ലാം ഉടൻ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി രാജ്ഭവൻ അറിയിച്ചു.