ന്യൂഡൽഹി: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്ന ആരോപണമുയർന്നതിനെ തുടർന്ന് ബി.ജെ.പി കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിന് പരാതി നൽകി. ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയാണ് പരാതി നൽകിയത്.
ബുധനാഴ്‌ച ശബരിമല ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണനും എസ്.പി യതീഷ് ചന്ദ്രയും തമ്മിൽ വാക്കു തർക്കം നടന്നിരുന്നു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിടാത്തത് എന്താണെന്ന കേന്ദ്രമന്ത്രിയുടെ ചോദ്യത്തിന് നിലയ്ക്കലിൽ വണ്ടി നിറുത്തിയിടാനുള്ള സൗകര്യമില്ലായെന്ന് യതീഷ് മറുപടി പറഞ്ഞിരുന്നു. ഗതാഗത കുരുക്ക് ഉണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കേന്ദ്രമന്ത്രി തയ്യാറാണോയെന്നും യതീഷ് ചന്ദ്ര ചോദിച്ചു. തുടർന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്‌ണൻ യതീഷ് ചന്ദ്രയോട് കയർത്ത് സംസാരിക്കുകയും ചെയ്തു.