tp-ramakrishnan

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ‌ുകളെ പുന:സംഘടിപ്പിടിച്ചതായി തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിലെ 16 ക്ഷേമനിധി ബോർഡുകളെ ഒമ്പതായാണ് പുന:സംഘടിപ്പിച്ചത്. ചില ക്ഷേമനിധി ബോർഡുകളെ ലയിപ്പിച്ച് എണ്ണം കുറച്ചതിലൂടെ ഭരണച്ചെലവ് കുറയ്ക്കാനും ആനുകൂല്യങ്ങൾ മെച്ചപ്പെട്ട നിലയിൽ ഉയർത്താനുമാകും. എല്ലാ ക്ഷേമനിധി ബോർഡുകളും വഴിയുമുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബോർഡുകളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചായിരിക്കും ഇതെന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് 80 മേഖലകൾ മിനിമം വേതനനിയമത്തിന്റെ പട്ടികയിലുണ്ട്. കാലാവധി കഴിഞ്ഞ 26 മേഖലകളിലെ മിനിമം കൂലി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. മറ്റ് മേഖലകളിലെ മിനിമം കൂലി ഉയർത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സർക്കാരിന്റെ തൊഴിൽ നയത്തിൽ മിനിമം കൂലി 600 രൂപയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് മുൻനിറുത്തി പരമാവധി മേഖലകളിൽ കൂലി ഉയർത്തും. കൂലി ഉയർത്തുന്നതിന് മുൻപ് ആ മേഖലയിലെ പ്രായോഗികത കൂടി പരിഗണിക്കും. ഇപ്പോൾ കേരളത്തിൽ ഫെയർ വേജ് മോട്ടോർ തൊഴിലാളി മേഖലയിൽ നടപ്പാക്കിയിട്ടുണ്ട്. ഇത് മറ്റ് മേഖലകളിൽ കൂടി നടപ്പാക്കുമെന്നും മന്ത്രി പറ‍ഞ്ഞു.

തൊഴിലാളി ശ്രേഷ്ഠ അവാർഡ്

15 മേഖലകളിലെ 13 മേഖലകളിലെ മികച്ച തൊഴിലാളികളെ കണ്ടെത്തി തൊഴിലാളി ശ്രേഷ്ഠ അവാർഡ് നൽകും. ചുമട്ടു തൊഴിലാളി,​ നിർമാണ,​ കള്ള്ചെത്ത്,​ മരംകയറ്റം,​ നഴ്സ്,​ തയ്യൽ,​ കയർ,​ മോട്ടോർ,​ ഗാർഹിക,​കശുവണ്ടി,​ തോട്ടം,​ സെയിൽസ് മാൻ/സെയിൽസ് വുമൺ,​ സെക്യൂരിറ്റി ഗാർഡ് എന്നീ വിഭാഗങ്ങളിലാണ് അവാർഡ്. അവാർഡിന് എന്തെല്ലാം മാനദണ്ഡമാക്കണമെന്ന് ആലോചിച്ച് തീരുമാനിക്കും. പരാതി പരിഹാര സെല്ലിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ജില്ലാ ലേബർ ഓഫീസുകളെ മാതൃകാ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് ഇരിക്കാനുള്ള അവകാശം നൽകുന്ന നിയമഭേദഗതി പ്രാവർത്തികമാക്കുന്നതിന് ട്രേഡ് യൂണിയനുകൾ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്ളാന്റേഷൻ മേഖലയ്ക്കായി പ്രത്യേക നയം കൊണ്ടുവരും. അടച്ചുപൂട്ടിയ എം.എം.ജെ, പീരുമേട്, ബോണക്കാട്ടെ തോട്ടങ്ങൾ എന്നിവ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ടോഡി ബോർഡ് , അബ്കാരി നിയമഭേദഗതി എന്നിവ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. തൊഴിൽ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ്,​ ഉദ്യോഗസ്ഥർ,​ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

പുന:സംഘടിപ്പിച്ച ഒമ്പത് ബോർഡുകൾ

1) കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി രൂപീകരിച്ചിട്ടുള്ള ക്ഷേമപദ്ധതിയെ ലയിപ്പിച്ചു

2)ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ്

3)കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്

4)കശുവണ്ടി ആശ്വാസ തൊഴിലാളി ക്ഷേമനിധി ബോർഡ്

5)കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിനെ ലയിപ്പിച്ചു

6)കേരള ഷോപ്പ്സ് & കൊമേഴ്സ്യൽ എസ്‌റ്റാബ്ളിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡിനെ ലയിപ്പിച്ചു

7)കേരള അസംഘടിത തൊഴിലാളി ക്ഷേമിധി ബോർഡ്, കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡ് എന്നിവയിൽ കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി, കേരള തയ്യൽ തൊഴിലാളി ക്ഷേമിനിധി ബോർഡിനെ ലയിപ്പിച്ചു

8)കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്

9)കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള ബീഡി, സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയെ ലയിപ്പിച്ചു