manohar-parrikar

പനാജി: പാൻക്രിയാറ്റിക് കാൻസർ മൂലം രോഗശയ്യയിലായ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഇല്ലാതിരിക്കെ പുതിയ വിവാദവുമായി ഗോവയിലെ ബി.ജെ.പി മന്ത്രിസഭാ പ്രതിസന്ധി തുടരുന്നു. ഭരണത്തിലെ സഖ്യകക്ഷിയായ മഹാരാഷ്ട്ര ഗോമന്തക് പാർട്ടി (എം.ജി.പി) മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ചതും, കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് വന്ന എം.എൽ.എ മാരായ സുഭാഷ് ശിരോദ്കർ, ദയാനന്ദ് സോപ്തെ എന്നിവരെ തുടർന്ന് മത്സരിക്കുന്നതിൽ നിന്നും ലാഭ പദവികൾ സ്വീകരിക്കുന്നതിൽ നിന്നും തടയണമെന്നും ആവശ്യപ്പെട്ട് എം.ജി.പി മുംബൈ ഹൈക്കോടതിയിൽ ഹർജി നൽകിയതുമാണ് പുതിയ പ്രതിസന്ധിക്കിടയാക്കിയത്. എം.ജി.പി നിലപാടിനെ അപലപിക്കുകയും കോടതിയിൽ നേരിടുമെന്ന് പറയുകയും ചെയ്തെങ്കിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വിനയ് തെണ്ടൂൽക്കറിന്റെ നേതൃത്വത്തിൽ പ്രധാന പാർട്ടി നേതാക്കൾ എം.ജി.പി ആസ്ഥാനത്തെത്തി അനുനയ ചർച്ച നടത്തി.എം.ജി.പിയുടെ ഭരണപരമായ ആവശ്യങ്ങൾ 25 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന ഉറപ്പ് നൽകി. മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര നേതാക്കളുമായി ചർച്ച ചെയ്യാമെന്ന ഉറപ്പും രഹസ്യമായി നൽകിയിട്ടുണ്ടത്രെ.

ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്)ചികിത്സ കഴിഞ്ഞ് ഗോവയിൽ മടങ്ങിയെത്തിയ പരീക്കർ പനാജിയിലെ ഔദ്യോഗിക വസതി ഉപേക്ഷിച്ച് ഡോണാപൗളയിലുള്ള സ്വവസതിയിലാണ് ഇപ്പോൾ താമസിക്കുന്നത്.എയിംസിലെ ഡോക്ടർമാരുടെ സഹായത്തോടെ വീട്ടിൽത്തന്നെ തയ്യാറാക്കിയ ഇന്റൻസീവ് കെയർ സൗകര്യമുള്ള മുറിയിൽ പരീക്കർ ഇപ്പോഴും ചികിത്സയിലാണ്. ക്ഷീണിതനാണെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ പ്രധാന സന്ദർശകരെ കാണുന്നുണ്ട്.എന്നാൽ ഭരണപരമായ കാര്യങ്ങളിൽ കൂടുതലിടപെടാൻ കഴിയുന്നില്ല. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യാഗസ്ഥൻമാർക്കു മുഖ്യമന്ത്രിയെ സന്ദർശിക്കാൻ അത്രയെളുപ്പമല്ല.അണുബാധ ഭയന്ന് സന്ദർശകരെ കാണരുതെന്ന നിർദ്ദേശമാണ് ഡോക്ടർമാർ നൽകിയിട്ടുള്ളത്. ഭരണം ഏറെക്കുറെ നിശ്ചലമായ മട്ടാണ്.പരീക്കറിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായ കൃഷ്ണമൂർത്തിയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കുവേണ്ടി പ്രവർത്തിക്കുന്നത്.അദ്ദേഹത്തിന്റെ ചില നടപടികൾ ഇതിനോടകം വിമർശനവിധേയമായിട്ടുമുണ്ട്.എയിംസിൽ നിന്ന് ചികിത്സ കഴിഞ്ഞ് വന്നയുടൻ പരീക്കർ സ്ഥാനമൊഴിയാൻ താത്പ്പര്യം പ്രകടിപ്പിച്ചെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വം അനുമതി നൽകിയില്ല.ഗോവയിൽ പാർട്ടിയുടെ ജനകീയ മുഖമായ പരീക്കറിനെ മാറ്റി ആരെ പ്രതിഷ്ഠിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനത്തിലെത്താൻ ബി.ജെ.പിക്ക് ഇനിയും കഴിഞ്ഞിട്ടുമില്ല.ഈ സാഹചര്യത്തിലാണ് മന്ത്രിസഭയിലെ ഏറ്റവും സീനിയറായ തങ്ങളുടെ നേതാവ് സുധിൻ ധാവൽക്കർക്ക് മുഖ്യമന്ത്രി പദം നൽകണമെന്ന വാദം എം.ജി.പി. ഉന്നയിച്ചത്.മുഖ്യമന്ത്രി പദം നൽകിയാൽ എം.ജി.പിയെ ബി.ജെ.പിയിൽ ലയിപ്പിക്കാമെന്ന നിർദ്ദേശം പരോക്ഷമായും മുന്നോട്ടുവച്ചിട്ടുണ്ട്.

കാൻസർ ബാധിതനായ നഗരവികസന മന്ത്രി ഫ്രാൻസിസ് ഡിസൂസയേയും സ്ട്രോക്ക് വന്നതിനെത്തുടർന്ന് ഊർജ്ജ വകുപ്പ് മന്ത്രി പാണ്ഡുരംഗ് മധാൽക്കറേയും പരീക്കർ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിരുന്നു.ആ തീരുമാനം പരീക്കറിന് എങ്ങനെ ബാധകമാകാതിരിക്കുമെന്നാണ് എം.ജി.പി ചോദിക്കുന്നത്.ഇതിനു പുറമേ ജോസ് ലൂയിസ് കാർലോസ് എന്ന മറ്റൊരു ബി.ജെ.പി എം.എൽ.എയും രോഗബാധിതനായിട്ടുണ്ട്.ഇവരാരും നിയമസഭയിലേക്ക് വരാറേയില്ല.മുഖ്യമന്ത്രി പദം എം.ജി.പിക്ക് നൽകുന്നതിനോട് യോജിപ്പില്ലെങ്കിലും പരീക്കർ സ്ഥാനം ഒഴിയണമെന്ന വാദം ബി.ജെ.പിക്കുള്ളിലും ശക്തമായി വരികയാണ്. രണ്ട് കോൺഗ്രസ് എം.എൽ.എമാർ നിയമസഭാംഗത്വം രാജിവച്ചതോടെ എം.ജി.പിയുടേയും ഗോവ ഫോർഡ് പാർട്ടിയുടേയും (ജി.എഫ്.പി) മൂന്ന് സ്വതന്ത്രരുടേയും പിന്തുണയിൽ ബി.ജെ.പി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നിലവിലുണ്ട്.എന്നാൽ മന്ത്രിസഭ രൂപീകരിക്കാൻ തങ്ങളെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് അവസരം പാർത്തിരിക്കുകയാണ്.

ഗോവയിൽ രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുകയാണ്.മുഖ്യമന്ത്രിയായിരിക്കെ തികച്ചും സാധാരണക്കാരനെപ്പോലെ ആൾക്കൂട്ടത്തിനിടയിലൂടെ ഒരു സെക്യൂരിറ്റിയുമില്ലാതെ നടന്നു നീങ്ങുന്ന പരീക്കറിന്റെ മുഖം ചലച്ചിത്ര പ്രേക്ഷകരുടെ മനസ്സിലുണ്ട്. അച്ഛന്റെ കുടുംബ ബിസിനസ്സിലാണ് പരീക്കറിന്റെ രണ്ട് മക്കളും. പരീക്കറിന്റെ അച്ഛൻ തുടങ്ങിയ കെമിക്കൽ ബിസിനസ്സാണത്.സമ്പന്നനായ പരീക്കർ മുംബയ് ഐ.ഐ.ടിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരുന്നു.മുഖ്യമന്ത്രി എന്ന നിലയിൽ പരീക്കറിന്റെ മൂന്നാമത്തെ ടേമാണിത്.പരീക്കറിന്റെ ഭാര്യ 25 വർഷം മുമ്പ് മരണമടഞ്ഞിരുന്നു.അതിനുശേഷം മറ്റൊരു വിവാഹത്തിന് മുതിരാതെ രണ്ട് ആൺകുട്ടികളേയും വളർത്തിയത്
പരീക്കറാണ്.