നടൻ മോഹൻലാലിനെതിരെ രൂക്ഷവിമർശനവുമായി നടി രേവതി രംഗത്ത്. മീ ടൂ ഫാഷനായി മാറിയിരിക്കുകയാണെന്ന ലാലിന്റെ പ്രതികരണത്തിന് മറുപടിയെന്നോണമാണ് ട്വിറ്ററിലൂടെയുള്ള രേവതിയുടെ വിമർശം. ഇത്തരക്കാരെ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കേണ്ടതെന്നായിരുന്നു രേവതിയുടെ പ്രതികരണം.
'മീ ടൂ മൂവ്‌മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടൻ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോൻ പറഞ്ഞതുപോലെ ചൊവ്വയിൽ നിന്ന് വന്നവർക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്തുകൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്ന് പറച്ചിൽ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല,' രേവതി ട്വിറ്ററിൽ കുറിച്ചു.
മീ ടൂ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, അതിപ്പോൾ ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹൻലാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മീ ടൂവിന്റെ സമയം തീർന്ന് മങ്ങിത്തുടങ്ങിയെന്നും അത്രയ്‌ക്കുള്ള ആയുസേ അതിന് ഉണ്ടായിരുന്നുള്ളൂവെന്നും മോഹൻലാൽ പറഞ്ഞിരുന്നു.