bjp

ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ ബി.ജെ.പിയുടെ മുസ്ലിം മുഖമായി ഉയർത്തിക്കാട്ടുന്നത് ഫാത്തിമ റസൂൽ സിദ്ദിഖിയെയാണ്. മുതിർന്ന കോൺഗ്രസ് നേതാവും ഭോപ്പാൽ നോ‌ർത്തിൽ നിന്ന് രണ്ടു തവണ എം.എൽ.എയുമായിരുന്ന റസൂൽ അഹമ്മദ് സിദ്ദിഖിയുടെ മകളാണ് ഫാത്തിമ റസൂൽ. 230 നിയമസഭാ സീറ്റുകളിൽ ബി.ജെ.പി മത്സരിപ്പിക്കാനൊരുങ്ങുന്ന ഏക മുസ്ലിം സ്ഥാനാർത്ഥി ഇവരാണ്. കഴിഞ്ഞതവണ മണ്ഡജലത്തിൽ നിന്ന് മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥി നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. പിതാവിന്റെ മണ്ഡലമായിരുന്ന ഭോപ്പാൽ നോർത്തിൽ തന്നെയാണ് ഫാത്തിമയ്ക്ക് ബി.ജെ.പി ടിക്കറ്റ് നൽകിയിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും അഞ്ച് തവണ എം.എൽ.എയുമായ ആരിഫ് അഖ്വീലാണ് മുഖ്യ എതിരാളി. ജനതാ ദൾ സ്ഥാനാർത്ഥിയായി 1992ലാണ് ഭോപ്പാൽ നോർത്തിൽ നിന്ന് ആരിഫ് ആദ്യമായി ജയിച്ചു കയറിയത്. പിന്നീട് കോൺഗ്രസിൽ ചേർന്നെങ്കിലും തുടർന്ന് നാലു തവണയും മണ്ഡലം ആരിഫിനെ കൈവിട്ടില്ല. മണ്ഡലത്തിലെ അൻപത് ശതമാനത്തിലധികം പേരും മുസ്ലിങ്ങളാണ്. മെഡിക്കൽ വിദ്യാർത്ഥി കൂടിയായ ഫാത്തിമ വിവാഹിതയാണ്. ഒരു കുഞ്ഞുണ്ട്.

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പോലും ഉപയോഗിക്കാതെയാണ് മണ്ഡലത്തിൽ ബി.ജെ.പി പ്രചാരണം

 സംസ്ഥാനത്തുള്ളത് ആകെ 4 മുസ്ലിം സ്ഥാനാർത്ഥികൾ മാത്രം

 മൂന്നുപേർ മത്സരിക്കുന്നത് കോൺഗ്രസ് ടിക്കറ്റിൽ