കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള പ്രമുഖ ഷിപ്പിംഗ് കമ്പനിയായ ട്രാൻസ് ഏഷ്യ ഗ്രൂപ്പ് 200 കോടി രൂപ നിക്ഷേപത്തോടെ ഇൻഫോപാർക്കിൽ ഒരുക്കിയ സൈബർപാർക്കിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് നാലിന് സി.എസ്.ഐ കൊച്ചി രൂപതാ ബിഷപ്പ് ബേക്കർ നൈനാൻ ഫെൻ ഉദ്‌ഘാടനം ചെയ്യും. 73 മീറ്റർ ഉയരത്തിൽ 20 നിലകളിലായി ഇരട്ട മന്ദിരങ്ങളാണ് പ്രവർത്തനസജ്ജമായതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ കെ. ജോൺസൺ മാത്യു, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ വിൽസൺ തോമസ്, വൈസ് പ്രസിഡന്റ് മാത്യു ചെറിയാൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആറുലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസാണ് സൈബർപാർക്കിൽ ഒരുക്കിയിരിക്കുന്നത്. ആദ്യ ആറുനില പൂർണമായും കാർ പാർക്കിംഗിനാണ്. 470 പേർക്കിരിക്കാവുന്ന ഫുഡ്കോർട്ടും സജ്ജമാണ്. ഫെബ്രുവരിയിൽ അനൗപചാരിക പ്രവർത്തനം തുടങ്ങിയ ഒന്നാംമന്ദിരത്തിൽ 15 കമ്പനികൾ പ്രവർത്തിക്കുന്നു. മൊത്തം 25 കമ്പനികളുമായി കരാറായിട്ടുണ്ട്. ഇരു മന്ദിരങ്ങളും പൂർണതോതിൽ പ്രവർത്തിക്കുമ്പോൾ 4,500 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. കോർപ്പറേറ്റുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ഒരുപോലെ ഉപകരിക്കുന്ന വിധമാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. 18 രാജ്യങ്ങളിലായി 56 തുറമുഖങ്ങളിൽ സാന്നിദ്ധ്യമുള്ള കമ്പനിയാണ് ട്രാൻസ് ഏഷ്യ. 500 കോടി രൂപയാണ് വിറ്റുവരവ്.