sanath-jayasuriya

മുംബയ്: മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യക്കെതിരെ കള്ളക്കടത്ത് നടത്തിയെന്ന കേസിൽ അന്വേഷണം. നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് പഴുക്കടക്ക കടത്തിയെന്നാണ് കേസ്.ജയസൂര്യ ഉൾപ്പെടെ മൂന്ന് ക്രിക്കറ്റ് താരങ്ങൾക്കെതിരെ കേസുണ്ട്. എന്നാൽ മറ്റു രണ്ട് താരങ്ങൾ ആരാണെന്ന് ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല.

നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ കോടിക്കണക്കിന് രൂപയുടെ പഴുക്കടക്ക റവന്യു ഇന്റലിജൻസ് വകുപ്പ് പിടിച്ചെടുത്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ജയസൂര്യയെ റവന്യു ഇന്റലിജൻസ് വകുപ്പ് മുംബയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് ദ് ദൈനിക് ഭാസ്കർ റിപ്പോർ‌ട്ട് ചെയ്തു. ഇതേ കുറിച്ച് ശ്രീലങ്കൻ സർക്കാരിന് കത്തയച്ചിട്ടുണ്ട്.

ഇൻഡോനേഷ്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് കൊണ്ടു വന്ന പഴുക്കടക്കയാണ് ശ്രീലങ്കയിൽ ഉത്പാദിപ്പച്ചതാണെന്ന് കാണിച്ച് ഇന്ത്യയിലേക്ക് കടത്തിയത്. ഇൻഡോനേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പഴുക്കടക്കയ്‌ക്ക് 108 ശതമാനം ഇറക്കുമതി തീരുവയുണ്ട്. എന്നാൽ തെക്കനേഷ്യ സ്വതന്ത്ര വ്യാപാര കരാർ പ്രകാരം ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണെങ്കിൽ ഈ തീരുവ ഒഴിവാക്കാൻ കഴിയും. ക്രിക്കറ്റ് താരമെന്ന് പദവി ദുരുപയോഗം ചെയ്താണ് ജയസൂര്യ ട്രേഡ്,​എക്സ്പോർട്ട് ലൈസൻസ് മുതലായവ നേടിയത്. അങ്ങനെ നികുതി വെട്ടിച്ച പഴുക്കടക്കയാണ് നാഗ്പൂരിൽ നിന്ന് പിടിച്ചതെന്ന് റവന്യു ഇന്റലിജൻസിന്റെ ഡെപ്യൂട്ടി ഡയറക്‌ടർ ദിലീപ് സിവാരെ പറഞ്ഞു.