kashmir

കാശ്‌മീർ: ജമ്മു കാശ്‌മീരിൽ പി.ഡി.പിയും നാഷണഷൽ കോൺഫറൻസും ചേർന്ന് സഖ്യ സർക്കാർ രൂപീകരിക്കാനുള്ള തീരുമാനം വന്നത് പാക് ഇടപെടലിനെ തുടർന്നാണെന്നുള്ള പരാമർശം ബി.ജെ.പി നേതാവ് രാം മാധവ് ട്വിറ്ററിൽ നിന്നും പിൻവലിച്ചു. ഇതിനെതിരെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള രംഗത്തെത്തിയതോടെയാണ് വിവാദ പ്രസ്‌താവന പിൻവലിച്ചത്.

വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ട്വിറ്ററിലെ പ്രസ്ഥാവന പുറത്തുവിട്ടത്. 'കഴിഞ്ഞ മാസം തദ്ദേശ തിരഞ്ഞെടുപ്പ് അതിർത്തിക്കപ്പുറത്ത് നിന്ന് ലഭിച്ച നിർദ്ദേശത്തെ തുടർന്ന് നാഷണൽ കോൺഫറൻസും പി.ഡി.പി.യും ബഹിഷ്‌കരിച്ചിരുന്നു. ഇപ്പോഴും സഖ്യം രൂപീകരിക്കാനും സർക്കാർ ഉണ്ടാക്കാനും അവർക്ക് അവിടെ നിന്ന് നിർദ്ദേശം കിട്ടിക്കാണും. അവരുടെ ആ പ്രവൃത്തി ഗവർണറെ വിഷയത്തെ ഗൗരവത്തോടെ സമീപിക്കാൻ പ്രേരിപ്പിച്ചു.' എന്നാണ് രാം മാധവ് കുറിച്ചത്. ട്വിറ്ററിലെ പ്രസ്‌താവനയെ വെല്ലുവിളിച്ച് ഒമർ അബ്‌ദുള്ള രംഗത്ത് വന്നു. പാക് ഇടപെടലുണ്ടെന്ന് പൊതുജനമധ്യത്തിൽ തെളിവ് വയ്‌ക്കാൻ ധെെര്യമുണ്ടോയെന്ന് ഒമർ അബ്‌ദുള്ള ചോദിച്ചു. രാം മാധവ് ഒമർ അബ്‌ദുള്ളയുടെ ദേശഭക്‌തിയെ ചോദ്യം ചെയ്‌തില്ലെന്നും രാഷ്ട്രീയ പ്രസ്‌താവനയാണ് നടത്തിയതെന്നുമുള്ള വിശദീകരണം ന‌ൽകി. ഇരുവരും തമ്മിൽ ട്വിറ്ററിൽ വാക് തർക്കമുണ്ടായിരുന്നു. തുടർന്ന് രാം മാധവ് ട്വീറ്റ് പിൻവലിക്കുകയായിരുന്നു.