പോർട്ട് ബ്ലയർ: വിലക്ക് ലംഘിച്ച് അൻഡമാനിലെ സെന്റിനൽ ദ്വീപിൽ കടന്ന യു.എസ് പൗരൻ മത്സ്യത്തൊഴിലാളികൾക്ക് 25,000 രൂപ നൽകിയതായി റിപ്പോർട്ട്. അമേരിക്കയിലെ അലബാമ സ്വദേശി ജോൺ അലൻ ചൗവാണ് കഴിഞ്ഞ ദിവസം സെന്റിനലി ഗോത്രക്കാരുടെ അമ്പേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ചൗ മത്സ്യത്തൊഴിലാളികളുടെ ബോട്ടിൽ ആദ്യം ദ്വീപിനു സമീപമെത്തിയത്. എന്നാൽ പവിഴപ്പുറ്റുകൾ കാരണം തീരത്തേക്ക് ബോട്ട് അടുപ്പിക്കാനാകാത്തതിനാൽ പിറ്റേന്നു ചെറുവള്ളത്തിൽ ഒറ്റയ്ക്ക് ദ്വീപിലേക്കു പോയി. ഗോത്രവർഗക്കാർ അമ്പെയ്യുന്നതു കണ്ടെങ്കിലും യാത്ര തുടർന്നു. വെള്ളിയാഴ്ച വൈകിട്ട് അമ്പേറ്റ മുറിവുകളുമായി തിരിച്ചെത്തി. മുറിവിന് മരുന്നുവച്ച ചൗ സെന്റിനലിക്കാരെ കുറിച്ചു ഡയറിയിൽ കുറിച്ചിട്ടു. രാത്രി വീണ്ടും ദ്വീപിലേക്കു പോയപ്പോഴാണ് ഗോത്രവർഗക്കാർ ഇയാളെ ആക്രമിച്ച് കൊന്നതായി കരുതുന്നത്. അടുത്ത ദിവസം രാവിലെ ഒരു യുവാവിന്റെ ശരീരം ഗോത്രവർഗക്കാർ തീരത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി കുഴിച്ചിടുന്നത് കണ്ടതായി മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. ഇവരാണ് ചൗവിന്റെ ഡയറി സുഹൃത്തിന് കൈമാറിയത്. തുടർന്ന് യു.എസിലെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹം ലഭിച്ചില്ല
ചൗവിന്റെ മൃതദേഹം കണ്ടെത്താൻ അധികൃതർ ശ്രമം നടത്തിവരികയാണ്. അധികൃതർക്കുപോലും കടന്നുചെല്ലാൻ സാധിക്കാത്ത വടക്കൻ സെന്റിനൽ ദ്വീപിലേക്ക് എത്തിപ്പെടുക തന്നെ പ്രയാസമാണ്. പുറത്തുനിന്ന് ആരെത്തിയാലും ഗോത്രവിഭാഗക്കാരുടെ ആക്രമണത്തിനിരയാകാറുണ്ട്. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ പ്രത്യേക തെരച്ചിൽ നടത്തിവരികയാണ്.
ആരാണ് സെന്റിനലീസ്?
അൻഡമാനിലെ വടക്കൻ പ്രദേശത്തെ ഉൾക്കാടുകളിൽ അധിവസിക്കുന്ന നീഗ്രോ വിഭാഗത്തിൽ പെടുന്ന ആദിവാസി വിഭാഗം. പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. 2000 വർഷങ്ങളായി പ്രദേശത്ത് വസിക്കുന്നതായി കണക്കാക്കുന്നു.
സംരക്ഷണം ഇങ്ങനെ
ഇന്ത്യ ഗവൺമെന്റിന്റെ 1956ലെ അൻഡമാൻ നിക്കോബാർ ഗോത്ര സംരക്ഷണ നിമയപ്രകാരം സംരക്ഷിത ആദിവാസി, ഗോത്ര മേഖലകളിലേക്ക് പ്രവേശനാനുമതിയില്ല. ഗോത്രജനതയുടെ ചിത്രം പകർത്തുന്നതും കുറ്റകരമാണ്. 'മനുഷ്യർ" തീണ്ടാതെ പുറംലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. 1991ൽ ഒരു സംഘം നരവംശശാസ്ത്രജ്ഞരിൽ നിന്ന് തേങ്ങ സ്വീകരിച്ചതായി രേഖകൾ.
എണ്ണത്തിൽ കുറവ്
1901 -1921: 117
1931: 50
1961: 50
1991: 23
2001: 39