ജയ്‌പൂർ: രാജസ്ഥാനിലെ ആൾവാറിൽ മൂന്ന് യുവാക്കൾ ഓടുന്ന ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കൂടെ ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു യുവാവ് ഗുരുതരമായ പരിക്ക്. പ്രാഥമികാന്വേഷണത്തിൽ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.
തൊഴിൽ ലഭിക്കാത്തതിലുള്ള മാനസിക സംഘർഷമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ സംശയം.
തങ്ങൾ ആറുപേർ ചേർന്നാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് മരണപ്പെട്ട യുവാക്കളുടെ സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകി. തുടർന്ന് ട്രെയിൻ എത്തിയപ്പോൾ തങ്ങൾ രണ്ട് പേരും പിൻമാറാൻ തീരുമാനിക്കുകയായിരുന്നെന്ന് ഇവർ പറഞ്ഞു.
സത്യനാരായണൻ(22), മനോജ്(24), റിതുരാജ്(17) എന്നിവരാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഭിഷേക് മീണ(22)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മനോജും സത്യനാരായണനും ബിരുദധാരികളാണ്. റിതുരാജ് ബി.എ ആദ്യ വർഷ വിദ്യാർത്ഥിയാണ്. തൊഴിലില്ലായ്മ മൂലം മാനസിക സമ്മർദം അനുഭവിച്ചതിനാലാണ് യുവാക്കൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.