ayurveda

 ആഗോള ആയുർവേദ ഉച്ചകോടി മന്ത്രി ഉദ്ഘാടനം ചെയ്‌തു

കൊച്ചി: ഇന്ത്യയുടെ സ്വന്തം ചികിത്സാരീതിയായ ആയുർവേദത്തെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്ന വിധം പുതിയ തൊഴിൽ മേഖലയായി വളർത്താൻ പദ്ധതികൾ വേണമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. സി.ഐ.ഐ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ സംഘടിപ്പിച്ച ആഗോള ആയുർവേദ സമ്മിറ്ര് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുർവേദത്തെ ആഗോള ബ്രാൻഡാക്കി മാറ്രാനും പുതിയ ഉത്‌പന്നങ്ങളുടെ വികസനത്തിനും സർക്കാർ പിന്തുണ നൽകും.

നീണ്ടകാല ചരിത്രമുള്ള വൈദ്യശാസ്‌ത്ര മേഖലയാണ് ആയുർവേദം. പുതിയ ഉത്‌പന്ന - സേവന വികസനം നടക്കുമ്പോൾ ഈ ചരിത്രം കൂടി പഠിക്കുന്നത് ഗുണം ചെയ്യും. ആയുർവേദം നിലനിൽക്കണമെങ്കിൽ ഔഷധസസ്യങ്ങൾ സംരക്ഷിക്കപ്പെടണം. ഇതിനായി, ടൂറിസം മേഖലയുമായി ബന്ധിപ്പിച്ച് ഔഷധസസ്യ ഉദ്യാനപദ്ധതി വേണം. ആയുർവേദ ടൂറിസം, പഠന-ഗവേഷണ കേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയായി ഇത് മാറ്റാം. 1,500 ഔഷധനിർമ്മാണ ശാലകളാണ് കേരളത്തിലുള്ളത്. 1,200 കോടി രൂപയുടേതാണ് കേരളത്തിലെ ആയുർവേദ ഉത്‌പന്ന വിപണി. മൊത്തം ടൂറിസം വരുമാനത്തിൽ 40 ശതമാനം പങ്കുവഹിക്കുന്നതും ആയുർവേദമാണ്.

അന്താരാഷ്‌ട്ര തലത്തിൽ കേരളീയ ഉത്‌പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സർക്കാർ പദ്ധതി നടപ്പാക്കുന്നുണ്ട്. ആയുർവേദത്തെ ആഗോള വിപണിയിലെത്തിക്കാൻ ആയുർവേദ ഉച്ചകോടി പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. ആയുർവേദ രംഗത്തെ പുത്തൻ സംരംഭകർക്ക് ഇൻകുബേഷൻ സെന്ററുകൾ ഒരുക്കാനായി ഈ രംഗത്തെ പ്രഗത്‌ഭർ ഒന്നിക്കണം. ആയുർവേദത്തെ അലോപ്പതി ഉൾപ്പെടെയുള്ള മറ്റ് ചികിത്സാരീതികളുമായി ബന്ധിപ്പിച്ച് മുന്നോട്ടുപോകാനുള്ള ആശയം ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സി.ഐ.ഐയുടെ പി.ഡബ്ല്യു.സി റിപ്പോർട്ട് മന്ത്രി പ്രകാശനം ചെയ്‌തു. സി.ഐ.ഐ കേരള ചെയർമാൻ ഡോ. എസ്. സജികുമാർ, എഫ്.സി.ബി കൊഗീറ്റോ കൺസൾട്ടിംഗ് പ്രസിഡന്റ് വിദ്യാധർ വാബ്‌ഗോൻകർ, സി.ഐ.ഐ കേരള മേധാവി ജോൺ കുരുവിള, ഇസാഫ് സ്ഥാപകനും സി.ഐ.ഐ വൈസ് ചെയർമാനുമായ കെ. പോൾ തോമസ്, സി.ഐ.ഐ ആയുർവേദ പാനൽ കൺവീനർ അജയ് ജോർജ് വർഗീസ്, ഹെൽത്ത് കെയർ പി.ഡബ്ല്യു.സി ഇന്ത്യ മേധാവി ഡോ. വിജയ് രാഘവൻ എന്നിവർ സംസാരിച്ചു. ഉച്ചകോടി ഇന്ന് സമാപിക്കും.