ന്യൂഡൽഹി: പഞ്ചാബിലെ ഗുർദാസ്‌പൂരിനെയും പാകിസ്ഥാനിലെ കർതാർപൂരിനെയും ബന്ധിപ്പിക്കുന്ന പാതയ്ക്ക് കാബിനറ്റ് അംഗീകാരം നൽകി. ഗുർദാസ് പൂരിലെ ദേരാ ബാബ നാനാക്കിൽ നിന്ന് കർതാർപൂരിലെ ഗുഡ്‌വാര ഡർബാർ സാഹിബ് സന്ദർശിക്കാനെത്തുന്ന തീർത്ഥാടകർക്കായാണ് പുതിയ സൗകര്യമൊരുക്കുന്നത്. സിക്ക് മത സ്ഥാപകനായ ഗുരു നാനാക്ക് 18 വർഷത്തോളം ചെലവഴിച്ച സ്ഥലമാണ് ഗുഡ്‌വാര ഡർബാർ സാഹിബ്. ഓരോ വർഷവും നിരവധി തീർത്ഥാടകരാണ് ഗുഡ്‌വാര ഡർബാർ സന്ദർശിക്കുന്നത്. പഞ്ചാബിലെ ദേരാ ബാബ നാനാക്കിൽ നിന്ന് ഇന്ത്യൻ അന്താരാഷ്ട്ര അതിർത്തിവരെയുള്ള ഇടനാഴി നിർമ്മാണത്തിനാണ് കാബിനറ്റ് അനുമതി നൽകിയത്. അനുമതി വിസമ്മതത്തിനുശേഷം മാസങ്ങൾക്കു മുമ്പാണ് പാക് കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ കേന്ദ്ര സർക്കാരിനു മുന്നിൽ ഇതു സംബന്ധിച്ച് അനൗദ്യോഗിക പ്രൊപ്പോസൽ മുന്നോട്ട് വച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത പഞ്ചാബ് മന്ത്രി നവ്ജ്യോത് സിംഗ് സിദ്ദു വഴിയായിരുന്നു ഇക്കാര്യം പാകിസ്ഥാൻ കേന്ദ്രത്തെ അറിയിച്ചത്. എന്നാൽ കേന്ദ്രം അന്ന് അതിനു മറുപടി നൽകിയിരുന്നില്ല. സിക്ക് മതസ്ഥർക്കായി സിക്ക് വിഭാഗക്കാരുടെ പ്രാർത്ഥനാ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതിനാലാണ് ഗുർദാസ്‌പൂർ- കർതാർപൂർ ഇടനാഴിക്ക് അനുമതി നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗത്തെ റോഡ് നിർമ്മാണത്തിന് തയ്യാറാണെന്ന് ഇസ്ലാമാബാദിനെ അറിയിച്ചിട്ടുണ്ട്. ഗുരു നാനാക്കിന്റെ 550-ാമത് ജന്മശതാബ്ദി ആഘോഷം സംഘടിപ്പിക്കാനും കാബിനറ്റ് തീരുമാനിച്ചു. പുതിയ ഇടനാഴി തുറക്കുന്നതോടെ വർഷം മുഴുവൻ ഗുഡ്‌വാര ഡർബാർ സന്ദർശിക്കാൻ അവസരമൊരുങ്ങും. എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയുമാണ് പാത നിർമ്മിക്കുക. പാകിസ്ഥാനും സിക്ക് മതസ്ഥരുടെ വികാരം തിരിച്ചറിയുമെന്ന് കരുതുന്നു - കേന്ദ്ര സർക്കാർ