സോഷ്യൽ മീഡിയയിലൂടെ അശ്ലീല മെസ്സേജ് അയച്ച വ്യക്തിക്ക് സ്ക്രീൻ ഷോട്ടിലൂടെ എട്ടിന്റെ പണി കൊടുത്ത് നേഹ സക്സേന. താരത്തിന്റെ പി.ആർ മാനേജരോടാണ് ദുബായിൽ നിന്നുള്ള യുവാവ് മോശമായ രീതിയിലുള്ള മെസ്സേജ് അയച്ചത്. ദുബായിൽ ഒരു രാത്രിയിലേക്ക് താരത്തെ കിട്ടുമോ എന്നായിരുന്നു വാട്സാപ്പ് സന്ദേശം.
ഇയാളെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് നടി രംഗത്തെത്തിയിരിക്കുകയാണ്. ചാറ്റിന്റെയും സോഷ്യൽ മീഡിയയിലെ ഇയാളുടെ പ്രൊഫൈലുകളുടെ സ്ക്രീൻ ഷോട്ടുകളും ദുബായിലെ അഡ്രസും ചേർത്താണ് നേഹ പോസ്റ്റിട്ടത്.യു.എ.ഇ യിലെ സുഹൃത്തുക്കൾ ഇയാളെ കണ്ടെത്താൻ സഹായിക്കണമെന്നും ഇത്തരക്കാർ ശിക്ഷിക്കപ്പെടണമെന്നും സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് വീട്ടിലുള്ളവർ അറിയണമെന്നും നേഹ പറയുന്നു.
ഫോൺ ഹാക്ക് ചെയ്തതാണെന്നാണ് ഇയാളുടെ വാദം. എങ്കിൽ എന്തുകൊണ്ട് ഇയാൾ പി.ആർ മാനേജരുടെ നമ്പർ ബ്ലോക്ക് ചെയ്തതു. സംഭവത്തിന് ശേഷം വിളിച്ച് ക്ഷമാപണം നടത്താനോ ഇയാൾ തയ്യാറായില്ല നേഹ ചോദിച്ചു. അതുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും നേഹ പറഞ്ഞു. ഇദ്ദേഹത്തിന്റെ കയ്യിൽ നിന്ന് മാപ്പെഴുതി വാങ്ങാതെ ക്ഷമിക്കാൻ തയ്യാറാവില്ലെന്നും താരം വ്യക്തമാക്കി.