വിൽഫുൾ ഡിഫോൾട്ടർമാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഇനി പൊതുമേഖലാ ബാങ്ക് മേധാവികൾക്ക് നിർദേശിക്കാം
ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് വൻതുക വായ്‌പ എടുത്തശേഷം തിരിച്ചടയ്‌ക്കാതെ വിദേശത്തേക്ക് പറക്കുന്നവരെ തടയാൻ പുതിയ തന്ത്രവുമായി കേന്ദ്രസർക്കാർ. വായ്‌പാ തിരിച്ചടവ് മനഃപൂർവം മുടക്കുന്നവർക്കെതിരെ (വിൽഫുൾ ഡിഫോൾട്ടർമാർ) ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനായി ഇനി പൊതുമേഖലാ ബാങ്ക് മേധാവികൾക്കും നിർദേശിക്കാമെന്ന് വ്യക്തമാക്കി. കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാർ അദ്ധ്യക്ഷനായ സമിതിയുടെ നിർദേശ പ്രകാരമാണ് തീരുമാനം.
എസ്.ബി.ഐ നയിക്കുന്ന ബാങ്കിംഗ് കൺസോർഷ്യത്തിൽ നിന്ന് 9,000 കോടി രൂപ വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാതെ വിജയ് മല്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ 14,000 കോടി രൂപയുടെ വായ്‌പാത്തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയും വിദേശത്തേക്ക് മുങ്ങിയത് കേന്ദ്രസർക്കാരിന് വൻ ക്ഷീണമായ പശ്‌ചാത്തലത്തിലാണ്, പൊതുമേഖലാ ബാങ്ക് മേധാവികൾക്ക് 'സവിശേഷ" അധികാരം നൽകിയുള്ള പുതിയ തീരുമാനം. റിസർവ് ബാങ്ക്, ധന, വിദേശകാര്യ മന്ത്രാലയം, സി.ബി.ഐ., എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്ര് എന്നിവയിലെ പ്രതിനിധികളാണ് സമിതിയിലുള്ളത്.
50 കോടി രൂപയോ അതിനുമുകളിലോ വായ്‌പ എടുക്കുന്നവരുടെ പാസ്‌പോർട്ട് വിശദാംശങ്ങൾ ശേഖരിക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ ബാങ്കുകളോട് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ബാങ്കുകളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി, 50 കോടി രൂപയ്ക്കുമേൽ വായ്‌പയെടുത്ത് കിട്ടാക്കടമാക്കിയവർക്കെതിരെ അന്വേഷണം നടത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പ് ബോദ്ധ്യപ്പെട്ടാൽ ബാങ്കുകൾ അക്കാര്യം സി.ബി.ഐ., എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്ര്, ഡയറക്‌ടറേറ്ര് ഒഫ് റെവന്യൂ ഇന്റലിജൻസ് എന്നിവരെ അറിയിക്കണം.