കോഴിക്കോട് : തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയെ സുപ്രീം കോടതിയുടെ വാക്കാൽ പരമാർശത്തിന്റെ പേരിൽ നിയമസഭാ നടപടികളിൽ പങ്കെടുപ്പിക്കാനാവില്ലെന്ന സ്പീക്കറുടെ പ്രതികരണത്തിനെതിരെ കെ.എം.ഷാജി. സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അഭിപ്രായപ്രകടനം അസ്ഥാനത്തായിപ്പോയെന്ന് ഷാജി പറഞ്ഞു. നിയമസഭയിലേക്ക് ചാടിക്കയറാൻ താനില്ല. അപ്പീലിൽ സുപ്രീം കോടതി ഉത്തരവ് വരും വരെ കാത്തിരിക്കുമെന്നും ഷാജി അറിയിച്ചു.
സുപ്രീം കോടതിയുടെ വാക്കാൽ പരാമാർശം മതിയാകില്ലെന്നും രേഖാമൂലമുള്ള അറിയിപ്പ് കിട്ടിയാൽ മാത്രമേ ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കാനാകുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.
കെ.എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീം കോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു. നിയമസഭയിൽ പങ്കെടുക്കുന്നതിന് യാതൊരു തടസവുമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ആനുകൂല്യങ്ങൾ കൈപ്പറ്റരുതെന്ന് അറിയിച്ചിരുന്നു. ഹൈക്കോടതി വിധിയുടെ സ്റ്റേ നാളെ അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതിയിൽ നിന്നും ഷാജിക്ക് അനുകൂലമായ വാക്കാൽ പരാമർശം വന്നത്. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് വാക്കാൽ പരാമർശം നടത്തിയത്.