ശബരിമല: യുവതീപ്രവേശനത്തെ തുടർന്ന്ശബരിമലയിൽ അക്രമത്തിന് ആഹ്വാനം ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട 40പേർക്കെതിരെ കേസെടുത്തു. ഹൈടെക് സെല്ലിന്റെയും സൈബർ സെല്ലിന്റെയും അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ശബരിമലയിലെ നിരോധനാജ്ഞ ജനുവരി 14വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് കലക്ടർക്ക് റിപ്പോർട്ട് നൽകി. എഡിഎമ്മിന്റെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമേ കലക്ടർ തീരുമാനമെടുക്കുകയുള്ളു.
പൊലീസിന്റെ ആവശ്യപ്രകാരം പത്തനംതിട്ട ജില്ലാ കലക്ടർ 15ന് അർദ്ധരാത്രിമുതൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, എന്നിവിടങ്ങളിലും കോട്ടയം ജില്ലാ കലക്ടർ എരുമേലിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 7ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സർക്കാർ സ്വീകരിച്ച നടപടികളെ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി.