justic-eloya

മുംബയ് ∙ ജസ്റ്റിസ് ലോയയുടെ മരണം വിഷം ഉള്ളിൽച്ചെന്നാണെന്ന ആരോപണവുമായി മുംബയ് ഹൈക്കോടതിയിൽ അഭിഭാഷകൻ ഹർജി നൽകി. ലോയ മരിച്ചതു റേഡിയോ ആക്ടീവ് പദാർത്ഥങ്ങളുടെ വിഷാംശമേറ്റാണെന്നും കേസിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സതീഷ് മഹാദേവറാവു ഹർജി നൽകിയത്. സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ സി.ബി.ഐ കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ലോയ.

ആരോപണം തെളിയിക്കുന്ന തെളിവുകൾ കൈയിലുണ്ടെന്ന് അഭിഭാഷകൻ അവകാശപ്പെട്ടു. ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന ആവശ്യം നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് അഭിഭാഷകൻ രംഗത്തെത്തിയിട്ടുള്ളത്. ചില നിർണായക രേഖകൾ മാത്രം ഹാജരാക്കുകയാണെന്നും ജീവനോടെയിരുന്നാൽ കൂടുതൽ തെളിവുകൾ ഹാജരാക്കാമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.