പമ്പ:ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നിരോധനാജ്ഞ നാല് ദിവസത്തേക്കു കൂടി നീട്ടി പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇതനുസരിച്ച് തിങ്കളാഴ്ച അർദ്ധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ വീണ്ടും 144 പ്രഖ്യാപിച്ചു. തീർത്ഥാടകരെയും അവരുടെ വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.
നിരോധനാജ്ഞയ്‌ക്കെതിരെ കടുത്ത പ്രതിഷേധം ഉണ്ടെങ്കിലും സമാധാന പാലനത്തിന് മറ്റ് വഴിയില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട് അംഗീകരിക്കപ്പെട്ടിരിക്കയാണ്. ശബരിമലയ്‌ക്കു വേണ്ടി നിയോഗിച്ച എ. ഡി. എം. വി. ആർ പ്രേംകുമാറും നിരോധനാജ്ഞ നീട്ടണമെന്ന് കളക്‌ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കളക്‌ടർക്ക് റിപ്പോർട്ട് നൽകിയത്. എതിർപ്പ് രൂക്ഷമായതിനാൽ തീരുമാനമെടുക്കുന്നതിൽ ആശയക്കുഴപ്പത്തിലായിരുന്നു ജില്ലാഭരണകൂടം. എക്സിക്യൂട്ടിവ് മജിസ്ട്രേട്ടിന്റെയും സ്‌പെഷ്യൽ ഓഫീസറുടെയും റിപ്പോർട്ടുകളും പരിഗണിച്ച കളക്ടർ ഉന്നതതലത്തിൽ നടത്തിയ കൂടിയാലോചനയെ തുടർന്നാണ് നിരോധനാജ്ഞ നീട്ടിയതെന്നറിയുന്നു.
പൊലീസിന്റെ ആവശ്യപ്രകാരം 15ന് അർദ്ധരാത്രി മുതൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ, എരുമേലി എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ അർദ്ധരാത്രിയോടെ അത് അവസാനിക്കേണ്ടതായിരുന്നു.
നിരോധനാജ്ഞ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ കക്ഷികളും ബി.ജെ.പിയും ശക്തമായ പ്രതിഷേധത്തിലായിരുന്നു. തുലാമാസ പൂജയിലും ചിത്തിര ആട്ടവിശേഷ ദിവസവും നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. സംഘർഷ സാദ്ധ്യതയുള്ളതിനാൽ രണ്ടുമാസത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന് ജില്ലാ പൊലീസ് മേധാവി മണ്ഡലകാലം തുടങ്ങുന്നതിനു മുൻപേ റിപ്പോർട്ട് നൽകിയിരുന്നു.
പൊലീസ് നിലപാടിന്
സർക്കാർ വഴങ്ങി
യുവതീപ്രവേശനം തടയാനുള്ള പ്രക്ഷോഭങ്ങളുടെ മറവിൽ, തീർത്ഥാടകരുടെ വേഷത്തിൽ ക്രിമിനലുകളും സാമൂഹ്യവിരുദ്ധരും തമ്പടിക്കാനിടയുള്ളതിനാൽ ക്രമസമാധാനം ഉറപ്പാക്കാൻ നിരോധനാജ്ഞ നീട്ടണമെന്നായിരുന്നു പൊലീസിന്റെ നിലപാട്. അക്രമം ലക്ഷ്യമിട്ട് ചെറുസംഘങ്ങൾ എത്തുമെന്നും അതീവജാഗ്രത വേണമെന്നുമാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. സാഹചര്യം ചൂഷണംചെയ്ത് സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമുണ്ടെന്നും ഡി.ജി.പി ലോക്‌നാഥ്ബെഹ്റ മുഖ്യമന്ത്രിയെ അറിയിച്ചു.
നിരോധനാജ്ഞയിൽ ഇളവുനൽകിയാൽ പൊലീസിന്റെ സുരക്ഷാപദ്ധതി പൊളിയും. സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാനും കരുതൽ തടങ്കലിലാക്കാനും വേറെ വകുപ്പുകൾ പ്രയോഗിക്കാനാവില്ല. അന്യസംസ്ഥാനങ്ങളിൽനിന്ന് കേഡർമാരെ പ്രതിഷേധത്തിനെത്തിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. ഇവരെ തിരിച്ചറിയാനോ കസ്റ്റഡിയിലെടുക്കാനോ എളുപ്പമല്ല. നടപ്പന്തൽ,സോപാനം,വടക്കേനട, ഫ്ലൈഓവർ, പതിനെട്ടാംപടി എന്നിവ അതിസുരക്ഷാമേഖലയാക്കിയാലേ ക്രമസമാധാനനില ഉറപ്പാക്കാനാവൂ. ഒരേവേഷം ധരിച്ചെത്തുന്ന ഭക്തർക്കിടയിൽ മാവോയിസ്റ്റുകളും ഭീകരരും കടന്നുകൂടിയാൽ തിരിച്ചറിയാനാവില്ല. സന്നിധാനത്തും കാനനപാതയിലും നിയന്ത്രണങ്ങളേർപ്പെടുത്തുന്നത് 144-ാം വകുപ്പിന്റെ ബലത്തിലാണ്.