k-surendran

കൊച്ചി: കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി ആജീവനാന്തം ജയിലിലിടാനാണ് സർക്കാർ നീക്കമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. സുരേന്ദ്രനെ നശിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഡാലോചന നടക്കുന്നുണ്ട്. വൈരാഗ്യത്തിന്റെ പേരിൽ സുരേന്ദ്രനെ വേട്ടയാടാൻ അനുവദിക്കില്ല. സുരേന്ദ്രനെ രാഷ്ട്രീയപരമായി നേരിടാനാണ് സർക്കാർ ശ്രമിക്കേണ്ടത്. സുരേന്ദ്രനെ ഇല്ലാതാക്കാനുള്ള ശ്രമം രാഷ്ട്രീയപരമായും നിയമപരമായും ബി.ജെ.പി നേരിടുമെന്നും എം.ടി രമേശ് പറഞ്ഞു.

സുരേന്ദ്രനെ ഒന്നിന് പിറകെ ഒന്നായി കള്ളക്കേസുകളിലെ കുടുക്കുകയാണ്. ആദ്യത്തെ കള്ളക്കേസിൽ ജാമ്യം കിട്ടുമെന്നായപ്പോൾ അടുത്ത കള്ളക്കേസ്. ചിത്തിര ആട്ടവിശേഷ ദിവസം നടന്നുവെന്ന് പറയുന്ന സംഭവങ്ങളിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ കേസാക്കി മാറ്റിയിരിക്കുകയാണ്.

സുരേന്ദ്രൻ ഈ കേസിൽ പ്രതിയായിരുന്നുവെങ്കിൽ അദ്ദേഹം അടക്കമുള്ള കണ്ടാലറിയാവുന്നവർക്കെതിരെയാണ് കേസ് എടുക്കേണ്ടിയിരുന്നത്. സുരേന്ദ്രനെ കണ്ടാലറിയാത്ത പൊലീസുകാർ കേരളത്തിൽ ഇല്ല. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശ പ്രകാരമം നടന്ന നടപടിയാണ്. ഇത് ശബരിമല വിഷയത്തിൽ ഇറങ്ങിയതിന് നൽകിയതാണ്. സർക്കാർ വെല്ലുവിളിക്കുകയാണെങ്കിൽ അത് വെല്ലുവിളിയായി തന്നെ പാർട്ടി ഏടുക്കുമെന്നും എ.ടി. രമേശ് കൂട്ടിച്ചേർത്തു.