cifra

തിരുവനന്തപുരം: സിനിമാ ഗവേഷണങ്ങൾക്കായി ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് പുതിയ കേന്ദ്രം ആരംഭിച്ചു. അനശ്വര നടൻ സത്യന്റെ പേരിലുള്ള സ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിനിമയുടെ ചരിത്രമറിയാനും ഗവേഷണത്തിനുമൊപ്പം സിനിമകൾ കാണാനും അവസരമൊരുക്കിയിട്ടുണ്ട് 'സെന്റർ ഫോർ ഇൻഫർമേഷൻ ഫിലിം റിസേർച്ച് ആന്റ് ആർക്കൈവ്സ്'.

മലയാള സിനിമയുടെ ചരിത്രം പ്രതിപാദിക്കുന്ന ഡേക്യുമെന്ററികളും,​ പഴയ കാല ചിത്രങ്ങളുടെ പോസ്റ്ററുകളും,​ ചലച്ചിത്ര പ്രവർത്തകരുടെ വിവരങ്ങളും,​ പാട്ടു പുസ്തകങ്ങളും അടങ്ങിയ വൻ ശേഖരമാണ് സിഫ്രയിലുള്ളത്. മലയാളത്തിലെ ആദ്യ ചലച്ചിത്രമുൾപ്പെടെ പതിനായിരത്തോളം ലോക ക്ലാസിക് ചിത്രങ്ങളും കാണാൻ അവസരമൊരുക്കിയിട്ടുണ്ട് ഇവിടെ.

കംപ്യൂട്ടർ ചിപ്പുകൾ കൊണ്ട് തയ്യാറാക്കിയ ജെ.സി ഡാനിയേലിന്റെ ചിത്രം പ്രധാന ആകർഷണമാണ്. 50പേർക്ക് ഇരിക്കാവുന്ന മിനി തീയേറ്ററും ഡിജിറ്റൽ വീഡിയോ ലൈബ്രറിയും സിഫ്രയുടെ പ്രത്യേകതകളാണ്. 2019 ജനുവരി ഒന്ന് മുതൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനം ശാസ്തമംഗലത്ത് നിന്നും സിഫ്രയിലേക്ക് മാറ്റുമെന്ന് അധികൃത‍‌‌ർ അറിയിച്ചു.