പമ്പ: ദർശനം കഴിഞ്ഞ് വ്യാഴാഴ്ച പുലർച്ചെ പമ്പയിൽ എത്തിയ മന്ത്രി പൊൻ രാധാകൃഷ്ണനും എ.എൻ.രാധാകൃഷ്ണനും ഔദ്യോഗിക വാഹനത്തിൽ കയറി പോയശേഷമാണ് പിന്നാലെ വന്നവർ പാെലീസിനു മുന്നിൽപ്പെട്ടത്. മന്ത്രിക്ക് ഒപ്പം വന്ന ബി.ജെ.പി. മാദ്ധ്യമ കോർഡിനേറ്റർ ആർ. സന്ദീപും റാന്നി മണ്ഡലം പ്രസിഡന്റ് ഷൈൻ ജി. കുറുപ്പും കന്യാകുമാരിയിൽ നിന്ന് വന്ന നേതാക്കളും നടന്ന് പമ്പാ മണൽപ്പുറത്ത് എത്തി. അവിടെ വെച്ച് സന്ദീപിനെ പൊലീസ് ചോദ്യം ചെയ്തു. ഇതിനിടെ എത്തിയ വാഹനത്തിൽ സന്ദീപും മറ്റുള്ളവരും കയറി. പുറപ്പെട്ടു. വാഹനം ത്രിവേണിയിൽ പൊലീസ് തടഞ്ഞു പരിശോധിച്ചു വിട്ടു. വീണ്ടും ദൃശ്യം പരിശോധിച്ച പൊലീസ് ബസ് സ്റ്റാൻഡിന് മുന്നിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും വണ്ടി തടയാൻ നിർദ്ദേശം നൽകുകയായിരുന്നു.
അപ്പോഴേക്കും മന്ത്രി പോയി ഏഴ് മിനിറ്റ് പിന്നിട്ടിരുന്നു. ഇതിനിടെ മന്ത്രിയുടെ വാഹനത്തിലുണ്ടായിരുന്ന എ.എൻ.രാധാകൃഷ്ണനെ ഫോണിൽ വിവരം അറിയിച്ചു. മന്ത്രിയുടെ വാഹനം മടങ്ങിവന്നു. പിന്നാലെ എസ്.പിയുമെത്തി.മന്ത്രിയും രാധാകൃഷണനും വാഹന പരിശോധനയെ ചോദ്യം ചെയ്തു. മന്ത്രിയുടെ ആവശ്യപ്രകാരം എസ്.പി. ഹരിശങ്കർ നടന്ന സംഭവങ്ങൾ എഴുതി നൽകി. മന്ത്രിക്കുണ്ടായ അസൗകര്യത്തിൽ ഖേദം അറിയിച്ചു.