ജക്കാർത്ത: ഇന്തോനേഷ്യയിലെ കപ്പോട്ട ദ്വീപിലെ കടൽ തീരത്ത് ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് ആറ് കിലേയോളം വരുന്ന പ്ലാസ്റ്റിക മാലിന്യങ്ങളാണ്. വാക്കടോബി നാഷണൽ പാർക്കിലാണ് 31അടി നീളമുള്ള തിമിംഗലത്തിന്റെ മൃതദേഹം അടിഞ്ഞത്. മൃതദേഹം പരിശോധിച്ചപ്പോഴാണ് തിമിംഗലത്തിന്റെ വയറ്റിനുള്ളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തിയത്.
നിത്യോപയോഗ സാധനങ്ങളായ ഗ്ലാസ്, പ്ലാസ്റ്റിക് കുപ്പികൾ, ബാഗുകൾ, ചെരിപ്പുകൾ തുടങ്ങി നിരവധി വസ്തുക്കളാണ് തിമിംഗലത്തിന്റെ വയറ്റിൽ നിന്ന് കിട്ടിയതെന്ന് ഡബ്ല്യു.ഡബ്ല്യുഎഫ് വ്യക്തമാക്കി. തിമിംഗലത്തിന് നീളമുണ്ടെങ്കിലും മെലിഞ്ഞുണങ്ങിയ അവസ്ഥയിലായിരുന്നു തിമിംഗലത്തിന്റെ ശരീരം. അമിതമായ അളവിൽ ശരീരത്തിനുള്ളിലെത്തിയ പ്ലാസ്റ്റിക്ക് വസ്തുക്കൾ ദഹിക്കാതെ വയറ്റിൽ തന്നെ കെട്ടിക്കിടന്നതാണ് ചാകാൻ കാരണമെന്ന് ഗവേഷകർ പറയുന്നത്.
ഏഷ്യൻ രാജ്യങ്ങളായ ചൈന, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളിലെ 60ശതമാനം പ്ലാസ്റ്റിക് മാലിന്യവും കടലിലേക്കാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ കടൽ ജീവികളുടെ ജീവന് ഭീഷണിയാകുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.