നാവിന് മധുരം പകരുന്ന പഞ്ചസാര ആരോഗ്യത്തിന് കയ്പേറിയ ദോഷങ്ങളാണുണ്ടാക്കുന്നത്. ചായയിലോ കാപ്പിയിലോ ജ്യൂസിലോ ചേർക്കുന്ന പഞ്ചസാരയ്ക്ക് പുറമേ നാം അറിഞ്ഞും അറിയാതെയും അകത്താക്കുന്ന പഞ്ചസാരയാണ് ഹിഡൻ ഷുഗർ. ഇത് നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ദോഷമുണ്ടാക്കും. മധുരം ഉപേക്ഷിച്ചാൽ രോഗിയാകാതെയും ദീർഘായുസോടെയും ഇരിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു.
മുതിർന്നവരായാലും കുട്ടികളായാലും നിത്യഭക്ഷണത്തിൽ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയുടെ അളവ് 10 ശതമാനം കണ്ട് കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. രക്തത്തിലെ ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കാൻ ഹിഡൻ ഷുഗറിന് കഴിയും. ശരീരപോഷണത്തെ ഹാനികരമായി ബാധിക്കുന്ന ഈ വില്ലൻ അമിതവണ്ണമുണ്ടാക്കുകയും പല്ലുകളുടെയും എല്ലുകളുടെയും ബലം കുറയ്ക്കുകയും പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകുകയും ചെയ്യും.
പഞ്ചസാരയിൽ പ്രോട്ടീൻ, അവശ്യ കൊഴുപ്പ്, വൈറ്റമിൻ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടില്ല. നമ്മുടെ ഭക്ഷണത്തിൽ 10 മുതൽ 20 ശതമാനം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിൽ ആരോഗ്യത്തിന് ഹാനികരമാണെന്നുറപ്പ്.