ലോകത്ത് ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയെന്നാൽ തമിഴ്നാട്, കർണാടകം, കേരളം. ഇന്ത്യയിലെ മൊത്തം കേരകൃഷിയിടങ്ങളിൽ എഴുപത് ശതമാനവും കേരളത്തിലാണ്. കേരോത്പാദനത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഇൻഡോനേഷ്യയ്ക്കും ഫിലിപ്പൈൻസിനുമാണ്. നാലും അഞ്ചും സ്ഥാനം യഥാക്രമം ശ്രീലങ്കയ്ക്കും ബ്രസീലിനുമാണ്. ഈ നാലു രാജ്യങ്ങളുടെയും സാമ്പത്തികാടിത്തറയിൽ നിർണായക സ്വാധീനം അവരുടെ കേരാടിസ്ഥാന വ്യവസായങ്ങൾക്കാണ്.
വ്യവസായ സാദ്ധ്യതകൾ
ഇവിടെ നമ്മുടെ കേരളത്തിൽ ഇന്നും കേര വ്യവസായമെന്നാൽ വെളിച്ചെണ്ണ, പിണ്ണാക്ക്, കാലിത്തീറ്റ എന്നിവയുടെ ഉത്പാദനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. നീര തുടങ്ങിയ പാനീയങ്ങളുടെ ഉത്പാദനം നടക്കുന്നുണ്ട്. ഇവിടുത്തെ എണ്ണയാട്ട് വ്യവസായം പോലും നവീകരിക്കാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കേര സംസ്കരണ മേഖലയിൽ ഒട്ടേറെ പ്രതീക്ഷകളോടെ പ്രവർത്തിച്ചിരുന്ന നാളികേര വികസന കോർപറേഷൻ എന്ന സർക്കാർ കമ്പനിയെ നിക്ഷിപ്ത താത്പര്യങ്ങൾക്ക് വിധേയമായി അടച്ചുപൂട്ടി.
നമ്മുടെ കൊപ്ര വെളിച്ചെണ്ണ കമ്പോളങ്ങൾ നിയന്ത്രിക്കുന്നതും വില നിർണയിക്കുന്നതും സംസ്ഥാനത്തിന് പുറത്തുള്ള എണ്ണ വ്യാപാരികളാണ്. ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്നും കേര കർഷകരെ രക്ഷിക്കാനും അവർക്ക് മെച്ചപ്പെട്ട ഒരു ഭാവി വാഗ്ദാനം ചെയ്യാനും കേരാടിസ്ഥാന വ്യവസായങ്ങളുടെ വിപുലീകരണത്തിലൂടെ മാത്രമേ കഴിയൂ.
ഇരുനൂറോളം ഉത്പന്നങ്ങൾ
ലോക കമ്പോളത്തിൽ കേരാടിസ്ഥാനമാക്കിയുള്ള ഇരുനൂറിൽപ്പരം ഉത്പന്നങ്ങൾ ഇന്ന് ലഭ്യമാണെന്നറിയുമ്പോൾ നാം അദ്ഭുതപ്പെട്ടുപോകും. കേരസംസ്കരണ രംഗത്ത് വളരെ മുന്നിൽ നിൽക്കുന്ന ഫിലിപ്പൈൻസ്, ഇൻഡോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ലോക കമ്പോളങ്ങളിലെത്തുന്ന അനേകം ഉത്പന്നങ്ങളിൽ വളരെ പ്രധാനപ്പെട്ട ചിലതിനെക്കുറിച്ച് മനസിലാക്കാം.
കോക്കനട്ട് യീസ്റ്റ്
അമിനോ അമ്ലങ്ങളുടെയും ജീവകങ്ങളുടെയും ബാഹുല്യം മൂലം ഇത്തരം യീസ്റ്റ് വളരെ പോഷകഗുണമുള്ളതാണ്. തേങ്ങ വെള്ളത്തിൽ നിന്നും വളരെ ലാഭകരമായി വികസിപ്പിച്ചെടുക്കാവുന്ന ഒരു ഉപ തൊഴിലാണ് യീസ്റ്റ് ഉത്പാദനം.
ചിരട്ടയ്ക്കും ഡിമാൻഡ്
കോക്കനട്ട് ഷെൽ അഥവാ ചിരട്ടയിൽ നിന്നും വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാവുന്ന പദാർത്ഥങ്ങൾ നിരവധിയാണ്. ലോക കരകൗശല വിപണിയിൽ വളരെ പ്രിയമുള്ള ഒട്ടേറെ ഉത്പന്നങ്ങൾ വിറ്റഴിയുന്നുണ്ട്.
നമ്മുടെ സംസ്ഥാനത്തു ലഭ്യമാകുന്ന ചിരട്ടയുടെ ഭൂരിഭാഗവും ഇന്ധനമെന്ന നിലയിൽ എരിച്ചുകളയുകയാണ് നാം ചെയ്യുക. എന്നാൽ ഇതര കേരോത്പാദക രാജ്യങ്ങളിൽ ചിരട്ടയിൽ നിന്നു ചാർക്കോൾ, ഷെൽ ഫ്ളവർ എന്നിവ വ്യാവസായികാടിസ്ഥാനത്തിൽ വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്നു. മോൾഡ് ചെയ്തു നിർമ്മിക്കുന്ന വസ്തുക്കളുടെ ഉപരിതലത്തിന് തിളക്കം അഥവാ ഫിനിഷിംഗ് വർദ്ധിപ്പിക്കുന്നതിനും പുറമേ ചൂടിൽ നിന്നും ഈർപ്പത്തിൽ നിന്നും ഈ വസ്തുക്കളെ രക്ഷിക്കുന്നതിനും ഷെൽ ഫ്ളവർ ഉപയോഗിക്കുന്നു. ലബോറട്ടറികളിൽ ഇതിന് മറ്റു പല ഉപയോഗങ്ങളുമുണ്ട്. രാസവസ്തുക്കളും മറ്റും ശുദ്ധീകരിക്കുന്നതിനും ആക്ടിവേറ്റഡ് കാർബൺ അത്യാവശ്യമാണ്. വാതകങ്ങളെ ആഗിരണം ചെയ്യാനുള്ള ആക്ടിവേറ്റഡ് കാർബണിന്റെ കഴിവ് പ്രാധാന്യമുള്ളതാണ്. രാസവ്യവസായത്തിൽ മേല്പറഞ്ഞ പദാർത്ഥങ്ങൾക്ക് ഇന്ന് അമൂല്യസ്ഥാനമാണുള്ളത്.
കോക്കനട്ട് വിനിഗറും സോസും
തേങ്ങാ വെള്ളത്തിൽ നിന്നു വേർതിരിച്ചെടുക്കാവുന്ന മറ്റൊരു ഉത്പന്നമാണ് വിനിഗർ അഥവാ വിനാഗിരി. തേങ്ങാവെള്ളവും പഞ്ചസാരയും യീസ്റ്റും ഒരു നിശ്ചിത അളവിൽ സംസ്കരിച്ചെടുത്താൽ കോക്കനട്ട് വിനിഗർ ലഭ്യമാകും. സംസ്കരിച്ച തേങ്ങവെള്ളത്തിൽ ചുവന്ന മുളകും ചുവന്ന ഉള്ളിയും വിനിഗറും ഒരു നിശ്ചിത അളവിൽ ചേർത്താലത് സോസാകും.
കോക്കനട്ട് ക്രഷ്
നാം പാഴാക്കിക്കളയുന്ന ലക്ഷക്കണക്കിന് ലിറ്റർ തേങ്ങാവെള്ളം സംസ്കരിച്ചെടുത്ത് അത്യന്തം ഹൃദ്യമായ ഒരു ശീതളപാനീയമായി വിപണനം നടത്താവുന്നതാണ്. ഇതിനുള്ള സാങ്കേതിക വിദ്യ തിരുവനന്തപുരത്തെ റീജിയണൽ റിസർച്ച് ലാബ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. നമ്മുടെ കേരകർഷകർക്ക് വളരെ ലാഭകരമായി നടത്താവുന്ന ഒരു കുടിൽ വ്യവസായമായിരിക്കും ഇത്.
തേങ്ങാപ്പാൽ കുറുക്കിയത്
പച്ചതേങ്ങ ലഭ്യമല്ലാത്ത തെങ്ങുകൃഷിയില്ലാത്ത രാജ്യങ്ങളിൽ വൻപിച്ച വിപണന സാദ്ധ്യതയുളള ഒരു ഉത്പന്നമാണ് ടിന്നുകളിലടച്ച കുറുക്കിയ തേങ്ങാപ്പാൽ. ഫിലിപ്പൈൻസ്, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളാണ് ഇതിന്റെ പ്രമുഖ ഉത്പാദകർ.
കുപ്പിയിലടച്ച തേങ്ങാപ്പാൽ
തേങ്ങാപ്പാൽ സംസ്കരണ വിധേയമാക്കി കുപ്പികളിൽ നിറച്ച് വിപണനം നടത്തുന്ന ഏർപ്പാട് ചില രാജ്യങ്ങളിൽ നിലവിലുണ്ട്. പശുവിൻ പാലുപോലെ പോഷക ഗുണവും മൂല്യവും ഇതിനുണ്ടത്രെ. കുപ്പിയിലടച്ച തേങ്ങാപ്പാൽ ഏഴു ദിവസം വരെ കേടുകൂടാതിരിക്കും
കോക്കനട്ട് ലമണേഡ്
തേങ്ങാവെള്ളം, പഞ്ചസാര, ചെറുനാരങ്ങാ നീര് എന്നിവ ഒരു നിശ്ചിത അനുപാതത്തിൽ സംസ്കരിച്ചെടുക്കുന്ന ഒരു നല്ല ഉത്പന്ന മാണ് ലമണേഡ്, വളരെ ലാഭകരമായി വിപണനം നടത്താവുന്ന ഉത്പന്നമാണിത്.
നാറ്റാ ഡി കൊക്കൊ
അന്തർദ്ദേശീയ വിപണിയിൽ വളരെ പ്രിയമുള്ള ഒരു കേരോത്പന്നമാണിത്. തേങ്ങാവെള്ളവും പഞ്ചസാരയും മറ്റ് അസറ്റിക് അമ്ള സംവർദ്ധന ലായനികളും ചേർത്ത് തയ്യാറാക്കുന്ന ഈ ഭക്ഷ്യപദാർത്ഥം ഒരുതരം മധുര ജെല്ലിയാണ്. ഇത് ആവശ്യാനുസരണം മുറിച്ചെടുത്ത് പുഡിംഗ്, ഫ്രൂട്ട് സാലഡ് എന്നിവയിൽ ചേർത്ത് കഴിക്കാം. ഫിലിപ്പൈൻസിലെ നാഷണൽ സയൻസ് ആൻഡ് ടെകനോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിന്റെ സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്.
കോക്കനട്ട് സിറപ്പ്
ഇത് തേങ്ങാപ്പാലിൽ നിന്നും ഉത്പാദിപ്പിക്കുന്നു. മധുര പലഹാരങ്ങളുടെ നിർമാണത്തിനും ജാം പോലെ റൊട്ടിയിൽ പുരട്ടാനും വെള്ളത്തിൽ കലർത്തി ലഘുപാനീയങ്ങളുണ്ടാക്കാനും ഉത്തമമാണിത്. ഇത് വൻ തോതിൽ ഫിലിപ്പൈൻസിൽ ഉത്പാദിപ്പിക്കുന്നു.
കോക്കനട്ട് ഹണി
തേനിനു പകരം ഉപയോഗിക്കുന്ന ഒരു വിശിഷ്ടാഹാരമാണ് നാളികേര തേൻ. തേങ്ങാപ്പാലിൽ നിന്നാണിതും നിർമ്മിക്കുന്നത്. തേങ്ങാപ്പാൽ, പഞ്ചസാര, ഗ്ലൂക്കോസ് എന്നിവ ഒരു നിശ്ചിത അളവിൽ സംസ്കരിച്ചാൽ ഇത് ലഭിക്കും.
ഡെസിക്കേറ്റഡ് കോക്കനട്ട്
തേങ്ങയുടെ വെള്ളയായ മാംസളഭാഗം പച്ചയായി നുറുക്കിപ്പൊടിച്ച് ഉണക്കിയെടുക്കുന്ന ഉത്പന്നമാണ് ഡെസിക്കേറ്റഡ് കോക്കനട്ട് അഥവാ തൂൾതേങ്ങ. ലോകമെമ്പാടും ഡിമാന്റുള്ള ഒരു വ്യവസായിക ഉത്പന്നമാണിത്. ഭക്ഷണ പദാർത്ഥങ്ങളുടെയും മധുര പലഹാരങ്ങളുടെയും നിർമ്മാണത്തിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുക. ലോക കമ്പോളം ഫിലിപ്പൈൻസും ശ്രീലങ്കയും ചേർന്ന് നിയന്ത്രിക്കുന്നു. അമേരിക്ക, ജർമ്മനി, കാനഡ, നെതർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിന് വമ്പിച്ച ഡിമാന്റാണുള്ളത്. ഇന്ത്യയിൽ കേവലം നാമമാത്രമായ ഉത്പാദനം മാത്രമേ നടക്കുന്നുള്ളൂ.
തയ്യാറാക്കിയത്: വക്കം എസ്. ബ്രൈറ്റ്