ameya-abhayangar

പനാജി: ഒരു പതിറ്റാണ്ടിലേറെയായി ഗോവയിൽ നടന്നുവരുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ചുക്കാൻ പിടിക്കുന്നത് എന്റർടെയിൻമെന്റ് സൊസൈറ്റി ഓഫ് ഗോവ അഥവാ ഇ.എസ്.ജിയാണ്. അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി കഴിഞ്ഞ നാലുവർഷമായി പ്രവർത്തിക്കുന്നത് അമേയ അഭയങ്കർ എന്ന യുവ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തെ മലയാളത്തിന്റെ മരുമകനായി വിശേഷിപ്പിക്കാം.അമേയ വിവാഹം ചെയ്തത് പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ.പി.മോഹനന്റേയും വിജയാമോഹനന്റേയും മകളും മുൻ ഗോവ കളക്ടറുമായ നിള മോഹനനേയാണ്. വിദ്യാഭ്യാസം,​ വൈദ്യുതി എന്നീ വകുപ്പുകളുടെ സെക്രട്ടറിയാണിപ്പോൾ നിള. ഹൈദരാബാദിൽ തിരഞ്ഞെുപ്പ് ഡ്യൂട്ടിക്കു പോയിരിക്കുകയാണ് അവർ. ഒരേ ബാച്ചിൽ നിന്ന് പാസ്സായ യുവ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. ഗോവ ഫിലിം ഫെസ്റ്റിവലിൽ സിനിമ തിരഞ്ഞെടുക്കുന്നതടക്കമുള്ള ചുമതലകൾ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിനാണെങ്കിൽ നടത്തിപ്പിന്റെ ഭാരിച്ച ചുമതല ഇ.എസ്.ജിക്കാണ്. തിരക്കുകൾക്കിടയിലും കേരളകൗമുദി ഓൺലൈനുമായി അമേയ സംസാരിച്ചു.

ഇക്കുറി അപേക്ഷകർ കൂടുതലായിരുന്നെങ്കിലും ഡെലിഗേറ്റ് കാർഡ് 5000 പേർ കൈപ്പറ്റിയതായി അദ്ദേഹം പറഞ്ഞു. അടുത്തവർഷം ഇഫി അമ്പതാം വർഷത്തിലേക്ക് കടക്കുകയാണ്.അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഈ ഫെസ്റ്റിവൽ കഴിഞ്ഞാലുടൻ ഡൽഹിയിൽ യോഗം ചേരും.

നാലുവർഷം ഇ.എസ്.ജിയുടെ ചീഫായിരുന്നത് അവിസ്മരണീയമായ അനുഭവമായിരുന്നുവെന്ന് അമേയ പറഞ്ഞു. ഗോവ ചലച്ചിത്രോത്സവത്തിനെത്തുന്ന പ്രതിനിധികളിൽ നല്ലൊരു പങ്കും ദക്ഷിണേന്ത്യയിൽ നിന്നാണ്. അതിൽ വലിയ പങ്കും മലയാളികളാണ്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ചലച്ചിത്രാസ്വാദകരെ ഈ ഫെസ്റ്റിവലിന് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ.എസ്.ജി പ്രവർത്തിക്കുന്നത്. അമേയ ചുമതലയേൽക്കും മുമ്പ് ഫെസ്റ്റിവൽ ഡയറക്ടറേറ്റും ഇ.എസ്.ജിയും തമ്മിൽ ശീതസമരം ഉണ്ടായിരുന്നു. എന്നാൽ അമേയയുടെ വരവോടെ ആ പ്രശ്നം പരിഹരിക്കുകയും സൗഹാർദ്ദത്തിന്റെ അന്തരീക്ഷം സംജാതമായെന്നുമാണ് ഫെസ്റ്റിവൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സമർത്ഥനായ ഈ ഓഫീസർക്ക് ഐ.ടി സെക്രട്ടറിയുടേയും പബ്ളിക് സർവ്വീസ് കമ്മീഷൻ സെക്രട്ടറിയുടേയും സുപ്രധാന ചുമതല കൂടിയുണ്ട്. ഗോവ പോലൊരു ചെറിയ സംസ്ഥാനത്ത് പൊതുമേഖലയിൽ തൊഴിലവസരങ്ങൾ കുറവാണെങ്കിലും സ്വകാര്യ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലടക്കം ഐ,ടിയിൽ ഒട്ടേറെ അവസരങ്ങൾ ഉണ്ടെന്ന് അമേയ വ്യക്തമാക്കി.

സിനിമാസ്വാദകനായ അമേയക്ക് തിരക്കുമൂലം സിനിമ കാണാൻ സമയം കിട്ടാറേയില്ല. അമേയ-നിള ദമ്പതികൾക്ക് രണ്ട് ആൺകുട്ടികളാണുളത്.