പനാജി: രൺജി പണിക്കർ ഒരു പത്രപ്രവർത്തകനായിരുന്നു. പിന്നീട് തിരക്കഥാകൃത്തായി. മലയാള വാണിജ്യ സിനിമകളിൽ രൺജിയുടെ തിരക്കഥകൾക്ക് പൊന്നിന്റെ വിലയായി. രൺജി-ഷാജി കൈലാസ്, രൺജി-ജോഷി കൂട്ടുകെട്ട് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടു. അടുത്ത വേഷം സംവിധായകന്റേതായിരുന്നു. അവിടെയും ശോഭിച്ചു. നിർമ്മാതാവുമായി. എന്നാൽ തന്റെ റോൾ ഇതിൽ തീരില്ലെന്ന് രൺജി തിരിച്ചറിഞ്ഞു. അങ്ങനെ നടനായി. മുമ്പ് ഒരു നിമിഷം കൊണ്ട് പ്രത്യക്ഷപ്പെട്ട് മറയുന്ന കൊച്ചുകൊച്ചു കഥാാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ വരവ് ശ്രദ്ധേയമായ വേഷങ്ങൾ തേടിയായിരുന്നു. രൺജി എന്ന നടൻ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. ഞാൻ, ജേക്കബ്ബിന്റെ സ്വർഗരാജ്യം, ഗോദ, തുടങ്ങി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ. മുമ്പ് ജയരാജിന്റെ തന്നെ ഒരു കോമഡി ചിത്രമായ ആകാശക്കോട്ടയിലെ സുൽത്താന്റെ തിരക്കഥ രൺജി എഴുതിയിട്ടുണ്ട്. എന്നാൽ ഇതുവരെയുള്ള രൺജിയുടെ കലാജീവിതത്തെ മാറ്റി മറിച്ചു ജയരാജ് സംവിധാനം ചെയ്ത ഭയാനകം. ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഭയാനകം മത്സര വിഭാഗത്തിലുണ്ട്.
ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത് കാലിന് വൈകല്യം സംഭവിച്ച പട്ടാളക്കാരന്റെ വേഷമാണ് രൺജിക്ക്. അയാൾ കുട്ടനാട്ടിൽ പോസ്റ്റ് മാനായി എത്തുകയാണ്. ക്രെച്ചസിൽ കാലൂന്നി വേച്ച് വേച്ച് അയാൾ സൈനികരുടെ മണി ഓർഡറുകളുമായി സൈനികരുള്ള ഓരോ വീടുകളിലും സന്തോഷത്തിന്റെ പ്രതീകമായി എത്തുന്നു. താമസിക്കുന്നത് രണ്ട് കുട്ടികളും പട്ടാളക്കാരായുള്ള ഒരു സ്ത്രീയുടെ വീട്ടിൽ. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതോടെ മണിഓർഡർ മാറി മരണക്കമ്പി (ടെലഗ്രാം) നൽകേണ്ട നിസഹായതയിലായി അയാൾ..സ്‌നേഹിച്ചവർ അദ്ദേഹത്തെ വെറുത്തു. മരണത്തിന്റെ മുഖമായി അയാളെ നാട്ടുകാർ കണ്ടു. സിനിമയിലെ ഈ നായക കഥാപാത്രത്തെയാണ് നെടുമുടിക്കാരനായ രൺജിയുടെ തോളിൽ ജയരാജ് വച്ചു നൽകിയത്. അത് ഭംഗിയാക്കിയെന്ന് മാത്രമല്ല, മലയാളത്തിലെ മികച്ച നടൻമാരുടെ ശ്രേണിയിലേക്ക് രൺജി ഉയരുകയും ചെയ്തു. അഭിനയം മാത്രം പോര, ആയാസം കൂടി വേണം ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ. യുദ്ധത്തിന്റെ മുറിവുകൾ ഉള്ളിൽ പേറുന്ന ആ പട്ടാളക്കാരനെ മരണവാർത്തകൾ ആത്മസംഘർഷത്തിലേക്ക് നയിക്കുന്നു.വ്യത്യസ്ഥമായ അഭിനയ മുഹൂർത്തങ്ങളാണ് ഭയാനകത്തിൽ രൺജി സമ്മാനിക്കുന്നത്. തന്റെ ഇതുവരെയുള്ള അഭിനയ ജീവിത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമാണ് ഭയാനകത്തിലേതെന്ന് രൺജി പറഞ്ഞു. ഗോവയിൽ മികച്ച നടനുള്ള മത്സരത്തിൽ രൺജിയുടെ വേഷവും ഉറപ്പായും മാറ്റുരയ്ക്കും.