ksurendran-arrest

പത്തനംതിട്ട: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ജയിക്കുമോ എന്ന ഭയത്തിൽ തന്നെ കേസുകളിൽ കുടുക്കി അനന്തമായി ജയിലിൽ അടയ്‌ക്കാനുള്ള ഗൂഢാലോചനയാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെ വ്യാജ കേസുകൾ കുത്തിപ്പൊക്കുന്നത്. കേരളത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം കൊടുത്തിരിക്കുകയാണ്. തന്നെ വേട്ടയാടാനുള്ള ശ്രമങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പൊലീസ് അറസ്‌റ്റ് ചെയ്‌തപ്പോൾ സി.പി.എം നേതാക്കളെ പോലെ താൻ നെഞ്ച് വേദന അഭിനയിച്ചിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ചിത്തിര ആട്ടവിശേഷത്തിനിടെ തൃശൂർ സ്വദേശിനിയായ 52 കാരിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ജയിലിൽ നിന്നും റാന്നി കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ശബരിമലയിൽ നിന്നും കരുതൽ തടങ്കലിലെടുത്ത സുരേന്ദ്രനെ നിരോധനാജ്ഞ ലംഘിച്ചുവെന്ന് ആരോപിച്ച് കോടതിയിൽ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത സുരേന്ദ്രന് പിന്നീട് കോടതി ജാമ്യം അനുവദിച്ചെങ്കിലും കണ്ണൂരിൽ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ വാറണ്ട് നിലവിലുള്ളതിനാൽ ജയിലിൽ നിന്നും പുറത്തിറങ്ങാനായിരുന്നില്ല. പിന്നാലെ ചിത്തിര ആട്ടവിശേഷത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗൂഢാലോചന നടത്തിയെന്ന കേസിലും സുരേന്ദ്രനെ പ്രതിയാക്കി. ഈ കേസിൽ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാൻ ആകില്ലെന്നാണ് നിയമ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, സുരേന്ദ്രനെതിരെയുള്ളത് രാഷ്ട്രീയ പകപോക്കലാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.