പനാജി: കഴിഞ്ഞ ഇഫിയിലെ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഐനോക്സ് തിയറ്ററിലേക്ക് കയറുമ്പോൾ മുന്നിലതാ ശ്രീദേവി നടന്നു പോകുന്നു. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ...
വേദിയിൽ കയറി അനന്തതയിലേക്ക് കണ്ണ് നട്ടിരുന്നു ശ്രീദേവി.
മന്ത്രി വരാൻ വൈകിയതിനാൽ ചടങ്ങ് നീണ്ടു. ഇതിനിടെ ചിലർ സെൽഫിയെടുത്തു.ഒരു പരിധി കഴിഞ്ഞപ്പോൾ മതിയെന്ന് ശ്രീദേവി കൈയ്യുയർത്തി..അന്നത്തെ ശ്രീദേവിയുടെ പ്രസംഗം വികാരപരമായിരുന്നു.തനിക്ക് സിനിമയിൽ അവസരം നൽകിയ എല്ലാ നിർമ്മാതാക്കളേയും അവർ ഓർത്തു.ഇതെഴുതുന്നയാൾ ആദ്യമായിട്ടും അവസാനമായിട്ടും അന്നാണ് അവരെ നേരിൽക്കണ്ടത്.അധികം വൈകാതെ ശ്രീദേവിയുടെ വിയോഗ വാർത്ത കേട്ടപ്പോൾ ഇതെല്ലാം ഓർത്തു.
ഇന്നലെ ഇഫിയിൽ കലാ അക്കാദമിയിൽ ശ്രീദേവിയുടെ ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ ബോണി കപൂറും മകൾ ജാൻവിയും തമമിലുള്ള സംവാദം നടന്നു. മോഡറേറ്റർറൂമി ജെഫ്രിയെന്ന ഹിന്ദി തലക്കു പിടിച്ച ആളായിരുന്നു. നിറഞ്ഞു കവിഞ്ഞ സദസ്സിൽ കൂടുതൽ ഡെലിഗേറ്റുകളും ദക്ഷിണേന്ത്യയിൽ നിന്നായിരുന്നിട്ടും ഇംഗ്ലീഷിൽ സംഭാഷണം ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല.ബോണികപൂർ തയ്യാറായിരുന്നു താനും. ചോദ്യോത്തര വേളയിൽ ജാൻവിയോട് ചോദിച്ചു. മകൾ എന്ന നിലയിൽ അമ്മയിൽ നിന്ന് അഭിനയത്തെക്കുറിച്ച് എന്താണ് പഠിച്ചത്. അമ്മ മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. നല്ലൊരു റോൾ ലഭിച്ചാൽ മലയാളത്തിൽ അഭിനയുക്കുമോ? രണ്ട് ചോദ്യങ്ങൾക്കും ജാൻവി വ്യക്തമായ ഉത്തരം നൽകി. മലയാളത്തിൽ നല്ല അവസരം കിട്ടിയാൽ തീർച്ചയായും അഭിനയിക്കും. അമ്മയാണ് എന്റെ റോൾ മോഡൽ. അഭിനയത്തിലും ജീവിതത്തിലും ഒരുപോലെ.
ഞാൻ ജനിച്ചപ്പോൾ അമ്മ അഭിനയ രംഗത്തു നിന്ന് ഏറെക്കുറെ പിൻവാങ്ങിയിരുന്നു.എന്നാൽ ഇംഗ്ലീഷ് വിംഗ്ലീഷ്, മോം എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗിന് അമ്മ എന്നേയും കൊണ്ടുപോയിരുന്നു. അനുകരിക്കാൻ കഴിയാത്ത നടിയാണ് അമ്മ. എന്നും എന്റെ ഏറ്റവും വലിയ പാഠപുസ്തകം അമ്മ തന്നെയാണ് അത് ജീവിതമായാലും സിനിമയായാലും.
മകൾ എന്ന നിലയിൽ ലോകത്തിലെ ഏറ്റവും നല്ല അമ്മയായിരുന്നു ശ്രീദേവിയെന്ന് ജാൻവി പറഞ്ഞു.പുതിയ കാലത്തേക്കാൾ സ്വാതന്ത്ര്യവും തിരക്കഥ വായിച്ചു നോക്കാനുള്ള അവസരവും പണ്ടത്തെ നടിമാർ അനുഭവിച്ചിരുന്നു.ഇന്നാകട്ടെ തന്നേപ്പോലുള്ളവർ വാണിജ്യക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ്..സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാമുഖ്യമുള്ള വേഷമാണ് ആഗ്രഹിക്കുന്നത്.അത്തരം വേഷങ്ങൾ ഉണ്ടാകണം.പഴയ തലമുറയിൽപ്പെട്ട മീനാകുമാരി, വഹീദാ റഹ്മാൻ, രേഖ, നൂതൻ എന്നിവരോടെല്ലാം തനിക്ക് ആരാധനയുണ്ട്. എന്നാൽ ആ തലമുറയിൽ തന്റെ വ്യക്തിപരമായ താത്പ്പര്യം മധുബാലയ്ക്കാണ്. ആണുങ്ങളിൽ ദിലീപ്കുമാറും ഗുരുദത്തും.
വെള്ള ഗൗണണിഞ്ഞ് വന്ന ജാൻവി എല്ലാവരുടേയും മനം കവർന്നു.
ഇത് ഇന്ത്യൻ സിനിമയുടെ ഡയമണ്ട് കാലഘട്ടമാണെന്ന് ബോണികപൂർ പറഞ്ഞു.നല്ല തിരക്കഥയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഉള്ളടക്കം നന്നായില്ലെങ്കിൽ താരങ്ങളുണ്ടെന്ന് പറഞ്ഞാലൊന്നും കാര്യമില്ല. പ്രേക്ഷകർ ഇറങ്ങിപ്പോകും. ബോണികപൂർ അറിയിച്ചു.